| Monday, 26th August 2024, 1:30 pm

ബാഴ്‌സയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ച നെയ്മറിന് തിരിച്ചടി; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് തിരികെയെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായി നിലനിന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ ഒരു നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകളെക്കുറിച്ച് ക്ലബ്ബുമായി അന്വേഷണം നടത്തിയെന്നും എന്നാല്‍ നെയ്മര്‍ തന്റെ പ്രൊജക്റ്റിന്റെ ഭാഗമല്ലെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്ക് അറിയിച്ചുവെന്നാണ് സ്‌പോര്‍ട്‌സ് ജോര്‍ണലിസ്റ്റായ ജെറാഡ് റൊമേറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്സലോണക്കായി ഇതിനുമുമ്പ് 2013 മുതല്‍ 2017 വരെ ബ്രസീലിയന്‍ സൂപ്പര്‍താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാര്‍ക്കായി 186 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ നെയ്മര്‍ 105 തവണയാണ് എതിരാളികളുടെ പോസ്റ്റില്‍ പന്തെത്തിച്ചിട്ടുള്ളത്.

ബാഴ്സലോണയെ അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ കിരീടനേട്ടത്തിലേക്ക് നയിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നു. 2015ല്‍ ആയിരുന്നു കറ്റാലന്‍മാര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിയത്.

ഈ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനെതിരെ സെക്കന്റ് ലെഗ്ഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ബാഴ്സ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സെമിഫൈനലിന്റെ ആദ്യപാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്സ സെക്കന്‍ഡ് ലെഗ്ഗില്‍ ആറ് ഗോളുകള്‍ ഫ്രഞ്ച് വമ്പന്മാരുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി തിരിച്ചുവരികയായിരുന്നു. ഈ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി കൊണ്ടായിരുന്നു നെയ്മര്‍ തിളങ്ങിയത്.

ബാഴ്‌സയില്‍ നിന്നും പാരീസ് സെയ്ന്റ് ജെര്‍മെനിലേക്കായിരുന്നു നെയ്മര്‍ ചേക്കേറിയത്. ഫ്രഞ്ച് ടീമിനൊപ്പം നീണ്ട സീസണുകളില്‍ പന്തുതട്ടി നെയ്മര്‍ 2023ല്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാലിലേക്ക് കൂടുമാറുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെയ്മറിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതോടെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

ഇപ്പോള്‍ താരം ഫുട്ബോളിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നെയ്മര്‍ ഇല്ലാതെയാണ് പരിശീലകന്‍ ഡോറിവാള്‍ ജൂനിയര്‍ ടീമിനെ പ്രഖ്യാപിച്ചത്.

പരിക്കില്‍ നിന്നും മുക്തി നേടി നെയ്മര്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നെങ്കിലും താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

അതേസമയം ഫ്‌ലിക്കിന്റെ കീഴില്‍ പുതിയ സീസണില്‍ ഗംഭീരമായ തുടക്കമാണ് കറ്റാലന്‍മാര്‍ക്ക് ലഭിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറ് പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.. വലന്‍സിയയെയും അത്‌ലറ്റിക് ക്ലബ്ബിനെയും തകര്‍ത്താണ് കറ്റാലന്മാര്‍ സീസണില്‍ തേരോട്ടം തുടരുന്നത്.

ലാ ലിഗയില്‍ ഓഗസ്റ്റ് 28നാണ് ബാഴ്‌സലോണ അടുത്ത മത്സരത്തിനിറങ്ങുന്നത്. റയോ വല്ലേക്കാനോയാണ് കറ്റാലന്‍മാരുടെ എതിരാളികള്‍.

Content Highlight: Neymar Transfer Update of Back in Barcelona

We use cookies to give you the best possible experience. Learn more