നെയ്മറിനെ സൗദിയും കൈവിട്ടോ? പകരക്കാരനെ തേടി അല്‍ ഹിലാല്‍
Football
നെയ്മറിനെ സൗദിയും കൈവിട്ടോ? പകരക്കാരനെ തേടി അല്‍ ഹിലാല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 11:33 am

സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ യൂറോപ്പില്‍ നിന്നും കൂടുതല്‍ താരങ്ങളെ ടീമില്‍ എത്തിക്കുന്നതിനായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ രജിസ്‌ട്രേഷന്‍ ക്ലബ്ബ് ഒഴിവാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വാക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഇതിന് പിന്നാലെ അടുത്ത ഒന്‍പത് മാസം വരെ ഫുട്‌ബോളില്‍ നിന്നും താരം പുറത്തായി. ഈ സീസണ്‍ മുഴുവനായും നെയ്മറിന് നഷ്ടമാവാൻ സാധ്യതയുള്ളതിനാലാണ് അല്‍ ഹിലാല്‍ താരത്തിന്റെ രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായത്.

നെയ്മര്‍ പകരക്കാനായി പുതിയൊരു താരത്തെ ടീമില്‍ എത്തിക്കാന്‍ അല്‍ ഹിലാല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സൗദി പ്രോ ലീഗ് നിയമങ്ങള്‍ അനുസരിച്ച് ടീമിന്റെ സ്‌ക്വാഡില്‍ പുറത്തുനിന്നും എട്ട് താരങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്താനാവുക. പരിക്കേറ്റ നെയ്മറിന് പുറമെ യാസിന്‍ ബൗണൗ, കാലിഡൗ കൗലിബാലി, റൂബന്‍ നെവ്‌സ്, സെര്‍ജെജ് മിലിങ്കോവിച്ച് സാവിച്, അലക്‌സാണ്ടര്‍ മിട്രോവിച്ച്, ജോഡി മാല്‍ക്കം, മൈക്കല്‍ എന്നിവരാണ് ടീമില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പുതിയ ഒരു താരത്തെ ടീമിലെത്തിക്കാന്‍ അല്‍ ഹിലാലിന് സാധിക്കും.

ഈ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ബ്രസീലിയന്‍ താരം നേടിയത്. സൂപ്പര്‍ താരത്തിന് പരിക്ക് വില്ലനായി വന്നതോടെ ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

സൗദി പ്രോ ലീഗില്‍ നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും 11 വിജയവും രണ്ട് തോല്‍വിയും അടക്കം 35 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

സൗദി ലീഗില്‍ നവംബര്‍ 25ന് അല്‍ ഹസാമിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം.

Content Highlight: Neymar to be deregistered by Al Hilal for signing new players in Europe.