Advertisement
Football
ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ അവന് സാധിക്കും: പ്രസ്താവനയുമായി നെയ്മർ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 25, 02:22 am
Wednesday, 25th September 2024, 7:52 am

2024 ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് സ്വന്തമാക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യതയുള്ള 30 താരങ്ങളുടെ നോമിനി പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ്. റയലിന്റെ തന്നെ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. റയലിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ഡാനി കാര്‍വജാല്‍ ആഴ്സണലിന്റെ ഇംഗ്ലണ്ട് താരം ബുക്കായോ സാക്ക എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.

ഇപ്പോള്‍ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനാരാണെന്ന് പറയുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. വിനീഷ്യസ് ജൂനിയറിന്റെ പേരാണ് നെയ്മര്‍ പറഞ്ഞത്. ബ്രസീലിയന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ബാന്‍ഡ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.

‘തീര്‍ച്ചയായും, ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടുന്നതിന് ഞാന്‍ വിനീഷ്യസിനെ പിന്തുണക്കും. എന്നെ സംബന്ധിച്ചിടത്തോളം ബാലണ്‍ ഡി ഓര്‍ വിജയിക്കാന്‍ ഇതിലും മികച്ച മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല. അവന്‍ അത് അര്‍ഹിക്കുന്നുണ്ട്. കാരണം വിനീഷ്യസ് ഒരു പോരാളിയാണ്. ജീവിതത്തിലുടനീളം അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവന്‍ എല്ലാ വിമര്‍ശനങ്ങളെയും മറികടന്നുകൊണ്ടാണ് മുന്നേറിയത്,’ നെയ്മര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റയലിനായി വിനീഷ്യസ് നടത്തിയത്. ലോസ് ബ്ലാങ്കോസിന്റെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ലാ ലിഗ വിജയത്തിലും യുവേഫ സൂപ്പര്‍ കപ്പ് വിജയത്തിലും നിര്‍ണായകമായ പങ്കായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം വഹിച്ചത്. റയലിനും ബ്രസീലിനുമായി കഴിഞ്ഞ സീസണില്‍ 49 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ വിനീഷ്യസ് 26 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയത്.

അതേസമയം റയല്‍ മാഡ്രിഡിന്റെ തന്നെ ബ്രസീലിയന്‍ താരമായ റോഡ്രിഗോക്ക് ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിന് ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിനായി സ്പാനിഷ് ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 10 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് റോഡ്രിഗോ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടി.

 

Content Highlight: Neymar Talks About Vinicius Juniour