|

എനിക്കും മെസിക്കും പാരീസ് നരഗമായിരുന്നു; നെയ്മറിന്റെ വെളിപ്പെടുത്തല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ മെസിക്കൊപ്പം കളിച്ചിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍.

മെസിയും താനും പി.എസ്.ജിയില്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ബാഴ്സലോണയിലെ തങ്ങളുടെ മികച്ച നിമിഷങ്ങള്‍ നഷ്ടമായെന്നുമാണ് നെയ്മര്‍ പറഞ്ഞത്. ഇന്‍സ്റ്റന്റ് ഫൂട്ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം.

‘ഞാനും മെസിയും പാരീസില്‍ നരകയാതനകള്‍ അനുഭവിച്ചു. ബാഴ്‌സലോണയിലെ പഴയ നിമിഷങ്ങളെല്ലാം ഞങ്ങള്‍ക്ക് നഷ്ടമായി,’ നെയ്മര്‍ പറഞ്ഞു.

രണ്ട് സീസണുകളാണ് നെയ്മറും മെസിയും ഒരുമിച്ച് കളിച്ചിട്ടുള്ളത്. 2017ലായിരുന്നു നെയ്മര്‍ ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പര്‍മാരോടൊപ്പം ചേരുന്നത്. സമയം 2021 ലാണ് മെസി ബാഴ്‌സലോണയിലെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് പാരീസില്‍ എത്തുന്നത്. എന്നാല്‍ സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ ഇരുവര്‍ക്കും പാരീസില്‍ നടത്താന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

പി.എസ്.ജിക്കായി ആറ് സീസണുകളില്‍ പന്ത് തട്ടിയ നെയ്മര്‍ 173 മത്സരങ്ങളില്‍ നിന്നും 118 ഗോളുകളും 77 അസിസ്റ്റുകളും സ്വന്തമാക്കി. മറുഭാഗത്ത് അര്‍ജന്റീനന്‍ നായകന്‍ 75 മത്സരങ്ങളില്‍ നിന്നും 32 ഗോളുകളും 35 അസിസ്റ്റുകളും നേടി.

എന്നാല്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കായി ഇരുവരും മിന്നും ഫോമിലാണ് കളിച്ചിരുന്നത്. ഇരു താരങ്ങളും 161 തവണയാണ് ബാഴ്സയില്‍ ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇതില്‍ 56 സംയുക്ത ഗോളുകളും പിറന്നു.

അതേസമയം നെയ്മര്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ കണങ്കാലിന് പരിക്കേല്‍ക്കുകയും ഫുട്‌ബോളില്‍ നിന്നും കുറച്ചു മാസത്തേക്ക് വിട്ടുനില്‍ക്കുകയുമായിരുന്നു.

എന്നാല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍മയാമിക്കൊപ്പം പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ ഇന്റര്‍മയാമിയില്‍ അവിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. 11 ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കി.

Content Highlight: Neymar talks about he playing with Lionel Messi in PSG.

Video Stories