ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ആരാണ് ഇരുവരിലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ അറ്റം കാണാതെ പോകുകയാണ്.
ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 924 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ മെസി 852 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്.
എന്നാല്‍ ലോകത്തിലെ മികച്ച ഫുട്ബോള്‍ താരം ആരാണെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കുന്ന റൊണാള്‍ഡോയെയും മെസിയേയുമല്ല നെയ്മര്‍ തെരഞ്ഞെടുത്തത്. ബ്രസീല്‍ ഇതിഹാസം പെലെയെയാണ് ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നാണ് നെയ്മര്‍ പറഞ്ഞത്. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫുട്‌ബോളിലെ ഒരേയൊരു കിങ് എന്നാണ് പെലയെ നെയ്മര്‍ വിശേഷിപ്പിച്ചത്.
‘എനിക്ക് ഫുട്‌ബോളിലെ രാജാവാകാന്‍ ആഗ്രഹമില്ലായിരുന്നു എന്നല്ല, ഫുട്‌ബോളില്‍ എനിക്ക് ഒരേയൊരു രാജാവേയുള്ളൂ അത് പെലെയാണ്. നിരവധി പരിക്കുകളടക്കം ഫുട്‌ബോള്‍ കരിയറില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ഇത് എനിക്ക് വലിയ നഷ്ടങ്ങളാണ് നല്‍കിയത്. എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്.
ഞാന്‍ സ്വപ്നം കണ്ട കാര്യങ്ങളെല്ലാം നേടിയിട്ടുണ്ട്. മാത്രമല്ല ഞാന്‍ സ്വപ്നങ്ങള്‍ കാണാത്ത പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ സംഭവിച്ചു, എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിയതില്‍ ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനാണ്,’ നെയ്മര്‍ ടെലിഗ്രാഫില്‍ പറഞ്ഞു.
മികച്ച താരമായിട്ടും ഫുട്‌ബോള്‍ കരിയറില്‍ വലിയ ഇടവേളകള്‍ എടുക്കേണ്ടി വന്ന താരമാണ് നെയ്മര്‍. അമ്പരപ്പിക്കുന്ന സ്‌ക്കില്ലും പെര്‍ഫോമന്‍സുമുള്ള നെയ്മറിന് എതിരാളികളികളുമായിട്ടുള്ള കടുത്ത മത്സരത്തില്‍ ഏറെ പരിക്കുകളും നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണില്‍ അല്‍ഹിലാലിന് വേണ്ടി വിരളിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. പരിക്ക് താരത്തിന്റെ കരിയറിലുടനീളം വലിയ രീതിയില്‍ ബാധിച്ചിരുന്നു.
അടുത്തിടെ സൗദി ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് നെയ്മര്‍ തന്റെ മുന്‍ ക്ലബ്ബായ സാന്റോസിലേക്ക് ചേക്കേറിയിരുന്നു. വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു ക്ലബ് നെയ്മറിന് വേണ്ടി ഒരുക്കിയത്. തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
ക്ലബ് ലെവലില്‍ സാന്റോസിന് വേണ്ടി 231 ഗോളുകളാണ് താരം നേടിയത്. ബോഴ്‌സലോണയ്ക്ക് വേണ്ടി 186 ഗോളും പി.എസ്.ജിക്ക് വേണ്ടി173 ഗോളും നെയ്മര്‍ നേടി. ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടാനും നെയ്മറിന് സാധിച്ചു.
Content Highlight: Neymar Talking About Best Footballer In the World