| Tuesday, 6th December 2022, 12:17 pm

നെയ്മറെ ഈ കളി പോര കേട്ടോ; ബ്രസീൽ വിജയത്തിന് പിന്നാലെ നെയ്മറെ വിമർശിച്ച് സ്കോട്ടിഷ് ലെജൻഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോളിൽ ചൊവ്വാഴ്ച നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ബ്രസീൽ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിരുന്നു.

മത്സരത്തിന്റെ ഏഴാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ഗോൾ വേട്ടക്ക് തുടക്കമിട്ട ബ്രസീൽ കളിയുടെ 36ാം മിനിട്ടിൽ പക്വെറ്റയിലൂടെയാണ് ഗോളടി പൂർത്തിയാക്കിയത്. തുടർന്നും കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഗോളെന്നുറച്ച അവസരം ബ്രസീലിന് ഒത്തുവന്നെങ്കിലും ഭാഗ്യം തുണച്ചില്ല.

ഒമ്പത് ഓൺ ടാർഗറ്റ് ഷോട്ട് ഉൾപ്പെടെ മൊത്തം 18 തവണയാണ് ബ്രസീൽ കൊറിയൻ പ്രതിരോധ മുഖത്തേക്ക് പന്ത് ഉതിർത്തത്.
റിച്ചാർലിസൺ, നെയ്മർ ജൂനിയർ എന്നിവരായിരുന്നു ബ്രസീലിന്റെ മറ്റു സ്കോറർമാർ.

എന്നാൽ ബ്രസീലിന്റെ മികച്ച വിജയത്തിന് ശേഷവും നെയ്മർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോട്ടിഷ് ഫുട്ബോൾ ഇതിഹാസവും, പരിശീലകനും, ഫുട്ബോൾ വിദഗ്ദനുമായ ഗ്രയിം സോനസ്.

ഐ. ടി.വി ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെയ്മറെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്.
നെയ്മർ അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചു ള്ള പ്രകടനം കളിക്കളത്തിൽ കാഴ്ചവെക്കുന്നില്ല എന്നാണ് സോനസിന്റെ വിമർശനം.

“എനിക്ക് അയാളിൽ നിന്നും ഇതിലും മെച്ചപ്പെട്ട പ്രകടനം കാണണം. വലിയ കഴിവുള്ള കളിക്കാരനാണ് അയാൾ. മെസിക്കും റൊണാൾഡോക്കും ശേഷം ഫുട്ബോൾ സിംഹാസനത്തിൽ ഇരിക്കാൻ എന്തുകൊണ്ടും അയാൾ യോഗ്യനാണ്. എന്നാൽ അതിന് ഇപ്പോൾ അദ്ദേഹം തയാറായിട്ടില്ല,’ സോനസ് പറഞ്ഞു.

“ഞാൻ വെറുതെ ഒരിടത്തിരുന്ന് അയാൾ മികച്ചവനാണെന്ന് പറയുകയല്ല. നിങ്ങൾക്ക് കളിക്കളത്തിൽ അത്‌ സ്വന്തം കണ്ണ് കൊണ്ട് കണ്ട് മനസ്സിലാക്കാം., സോനസ് കൂട്ടിച്ചേർത്തു.

ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ നെയ്മർക്ക് തുടർന്നുള്ള രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. കൊറിയക്കെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ 13ാം മിനിട്ടിൽ വീണ് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് 30കാരനായ നെയ്മർ തന്റെ കരിയറിലെ ഗോൾ നേട്ടം 76 തികച്ചിരുന്നു.

ഒരു ഗോൾ കൂടി സ്വന്തമാക്കാനായാൽ നെയ്മർക്ക് ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോൾ നേട്ടത്തിനൊപ്പമെത്താൻ സാധിക്കും.

ഡിസംബർ ഒമ്പതിന് ഇന്ത്യൻ സമയം രാത്രി 8:30ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.

Content Highlights:Neymar should be improve Scottish legend criticizes Neymar after Brazil win

We use cookies to give you the best possible experience. Learn more