കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുന്നുവെന്ന തീരുമാനം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ താരം തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.
മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ മെസിയുടെ തീരുമാനം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും അദ്ദേഹം പുതിയ ക്ലബ്ബിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നെയ്മര്‍. ആല്‍ബിസെലസ്റ്റ ടോക്കിനോടാണ് നെയ്മര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി മിയാമിയിലേക്ക് പോകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഫുട്‌ബോള്‍ എനിക്ക് സമ്മാനിച്ചവരില്‍ ഒരാള്‍. എനിക്കദ്ദേഹത്തിന്റെ കൂടെ കളിക്കാന്‍ അവസരം ലഭിക്കുകയും പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാവുകയുമായിരുന്നു.
മെസി എം.എല്‍.എസ് കളിക്കാന്‍ പോകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. അവിടുത്ത സിറ്റിയും ജീവിത ശൈലിയുമൊക്കെ അദ്ദേഹത്തിന് സന്തോഷം നല്‍കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആ ലീഗിനെ മുഴുവന്‍ മാറ്റാന്‍ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്,’ നെയ്മര്‍ പറഞ്ഞു.
മെസിയും നെയ്മറും ബാഴ്‌സലോണ എഫ്.സിക്ക് വേണ്ടി കളിക്കുമ്പോഴാണ് അടുത്ത സുഹൃത്തുക്കളാകുന്നത്. ബ്ലൂഗ്രാന ജേഴ്‌സിയില്‍ ഇരുവരും 206 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടുകയും 67 ഗോളുകള്‍ അടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 2015ല്‍ ബാഴ്‌സക്കായി ട്രെബിള്‍ നേടിയ മെസിയും നെയ്മറും പി.എസ്.ജി ക്ലബ്ബിനായി രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട്.