| Sunday, 4th June 2023, 7:31 pm

'കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചത് പോലെയായില്ല, എന്നാലും ഒരുമിച്ച് ചെലവഴിക്കാനായതില്‍ സന്തോഷം'; തരംഗമായി നെയ്മറിന്റെയും മെസിയുടെയും സന്ദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസി.ജിയില്‍ നിന്ന് ഇതിഹാസതാരം ലയണല്‍ മെസി ഇറങ്ങിയതിന് പിന്നാലെ തരംഗമായി നെയ്മറുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മെസിക്ക് ആശംസ രേഖപ്പെടുത്തിയ നെയ്മര്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ചത് പോലെ സംഭവിച്ചില്ലെന്നും എന്നാല്‍ കഴിവതും ശ്രമിച്ചുവെന്നും പോസ്റ്റില്‍ കുറിച്ചു. മെസിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നെയ്മര്‍ മെസിക്കുള്ള ആശംസ സന്ദേശം കുറിച്ചത്.

‘ബ്രദര്‍, നമ്മള്‍ വിചാരിച്ചത് പോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. പക്ഷെ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം രണ്ടില്‍ കൂടുതല്‍ വര്‍ഷം ചെലവഴിക്കാനായതില്‍ സന്തോഷം. കരിയറിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. സന്തോഷമായിരിക്കൂ. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നെയ്മറിന്റെ പോസ്റ്റിന് താഴെ മെസി മറുപടിയുമായി എത്തിയിട്ടുണ്ട്. നമ്മളൊരുമിച്ച് കളികള്‍ ആസ്വദിച്ചിട്ടുണ്ടെന്നും വളരെ നല്ലൊരു മനുഷ്യനാണ് നിങ്ങളെന്നുമാണ് മെസി നെയ്മര്‍ക്ക് മറുപടി നല്‍കിയത്.

‘നന്ദി നെയ്! എല്ലാത്തിലുപരി, നമ്മള്‍ക്കൊരുമിച്ച് കളിക്കാനും നല്ല നിമിഷങ്ങള്‍ ആസ്വദിക്കാനും സാധിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. നിങ്ങള്‍ വളരെ നല്ല വ്യക്തിയാണ്. അതാണ് ഏറ്റവും പ്രധാനം. ഞാന്‍ നിങ്ങളെ ഒത്തിരി സനേഹിക്കുന്നു,’ നെയ്മറിന്റെ പോസ്റ്റിന് താഴെ മെസി കുറിച്ചു.

നിമിഷ നേരം കൊണ്ട് ലക്ഷങ്ങളാണ് പോസ്റ്റിനും കമ്മന്റിനും റിയാക്ഷനുമായി എത്തിയത്. പി.എസ്.ജിയില്‍ നെയ്മറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ ഈ സീസണിലെ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പി.എസ്.ജി പുറത്താക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ശനിയാഴ്ചയാണ് മെസി പി.എസ്.ജി ജേഴ്‌സിയില്‍ അവസാനമായി കളത്തിലിറങ്ങിയത്. താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Neymar sends message to Lionel Messi goes viral

We use cookies to give you the best possible experience. Learn more