പാരീസ് സെന്റ് ഷെര്‍മാങ് വിട്ട നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്ബോള്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഇന്റര്‍നാഷണലിന്റെ ട്രാന്‍സ്ഫര്‍ ഫുട്ബോള്‍ സര്‍ക്കിളുകളിലെല്ലാം പ്രധാന ചര്‍ച്ചയുമായിരുന്നു.
നെയ്മര്‍ ബാഴ്സയിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പം കൈകോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. താരത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
എന്നാല്‍ സൗദിയിലേക്ക് ചേക്കേറുന്നതിന് മുമ്പ് ആരോടും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നെയ്മര്‍. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘സൗദിയുമായി കരാറിലേര്‍പ്പെടുന്നതിന് മുമ്പ് ആരോടും ചര്‍ച്ച ചെയ്തിരുന്നില്ല. മികച്ച അവസരമാണ് സൗദി ക്ലബ്ബ് ഒരുക്കുന്നത്,’ നെയ്മര്‍ പറഞ്ഞു.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: Neymar says he don’t discuss with anyone about the decision to sign with Saudi Arabia