'തനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ മെസി എന്ന് പേരിടും'; നെയ്മറിന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുന്നു
Football
'തനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ മെസി എന്ന് പേരിടും'; നെയ്മറിന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 6:15 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പങ്കാളി ബ്രൂണ ബയാന്‍ കാര്‍ഡിയും തങ്ങള്‍ക്ക് പെണ്‍ കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയിലൂടെ അറിയിച്ചിരുന്നു. താരം അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഒരാണ്‍ കുഞ്ഞാണ് ജനിക്കാനിരുന്നതെങ്കില്‍ എന്ത് പേര്‍ വിളിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് നെയ്മര്‍ മെസി എന്നാണ് മറുപടി നല്‍കിയത്.

ബാഴ്‌സലോണയിലും തുടര്‍ന്ന് പി.എസ്.ജിയിലും ഉറ്റ സുഹൃത്തുക്കളായിരുന്നു മെസിയും നെയ്മറും. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്തക്രിയക്ക് വിധേയനായ നെയ്മര്‍ സീസണിലെ ശേഷിക്കുന്ന മത്സങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദീര്‍ഘ നാളത്തെ വിശ്രമത്തിന് ശേഷം താരം പാരീസില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പി.എസ്.ജിയിലെ തന്റെ സഹാതാരവും അടുത്ത സുഹൃത്തുമായ മെസി ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. മെസിക്ക് ആശംസ രേഖപ്പെടുത്തിയ നെയ്മര്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ചത് പോലെ സംഭവിച്ചില്ലെന്നും എന്നാല്‍ കഴിവതും ശ്രമിച്ചുവെന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.

‘ബ്രദര്‍, നമ്മള്‍ വിചാരിച്ചത് പോലെയൊന്നും കാര്യങ്ങള്‍ നടന്നില്ല. പക്ഷെ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം രണ്ടില്‍ കൂടുതല്‍ വര്‍ഷം ചെലവഴിക്കാനായതില്‍ സന്തോഷം. കരിയറിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. സന്തോഷമായിരിക്കൂ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ നെയ്മറിന്റെ പോസ്റ്റില്‍ കുറിച്ചത്.

നെയ്മറിന്റെ പോസ്റ്റിന് താഴെ മറുപടിയുമായി മെസി എത്തിയിരുന്നു. നമ്മളൊരുമിച്ച് കളികള്‍ ആസ്വദിച്ചിട്ടുണ്ടെന്നും വളരെ നല്ലൊരു മനുഷ്യനാണ് നിങ്ങളെന്നുമാണ് മെസി നെയ്മര്‍ക്ക് മറുപടി നല്‍കിയത്.

‘നന്ദി നെയ്! എല്ലാത്തിലുപരി, നമ്മള്‍ക്കൊരുമിച്ച് കളിക്കാനും നല്ല നിമിഷങ്ങള്‍ ആസ്വദിക്കാനും സാധിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. നിങ്ങള്‍ വളരെ നല്ല വ്യക്തിയാണ്. അതാണ് ഏറ്റവും പ്രധാനം. ഞാന്‍ നിങ്ങളെ ഒത്തിരി സനേഹിക്കുന്നു,’ നെയ്മറിന്റെ പോസ്റ്റിന് താഴെ മെസി കുറിച്ചു.

Content Highlights: Neymar says he’d have named his unborn kid Messi if it was a boy