| Thursday, 17th November 2022, 4:08 pm

ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിക്കും, കപ്പുയര്‍ത്തും; മെസിയോട് നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകഫുട്‌ബോളില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ബ്രസീലും അര്‍ജന്റീനയും. ഫുട്‌ബോളിന്റെ വശ്യതയൊന്നാകെ ആവാഹിച്ച ഈ ലാറ്റിനമേരിക്കന്‍ കരുത്തര്‍ തന്നെയാണ് ഓരോ ലോകകപ്പിന്റെയും പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

ഏതൊരു ലോകകപ്പ് ഫൈനലിലും ബ്രസീല്‍ – അര്‍ജന്റീന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടം ഏതൊരു ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ഒരിക്കല്‍ പോലും ആരാധകര്‍ക്ക് ആ പോരാട്ടം കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല.

എന്നാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച് കിരീടം നേടുമെന്ന് പറയുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍.

ദി ടെലിഗ്രാഫിനോടായിരുന്നു നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.

പി.എസ്.ജിയിലുള്ളപ്പോള്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഫൈനല്‍ കളിക്കുമെന്നും കലാശപ്പോരാട്ടത്തില്‍ ബ്രസീല്‍ വിജയിക്കുമെന്ന് മെസിയോട് എപ്പോഴും തമാശയായി പറയാറുണ്ടെന്നാണ് നെയ്മര്‍ പറയുന്നത്.

‘എല്ലാവര്‍ക്കും ലോകകപ്പിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഉത്കണ്ഠയല്ല, ഞങ്ങള്‍ക്ക് അക്കാര്യമോര്‍ത്ത് ആവേശമാണ് ഉണ്ടാവാറുള്ളത്. എല്ലാവരും ലോകകപ്പില്‍ കളിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

ഞങ്ങള്‍ അധികമൊന്നും അതേക്കുറിച്ച് സംസാരിക്കാറില്ലെങ്കിലും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഇടക്കിടെ തമാശപൂര്‍വം പറയാറുണ്ട്. അര്‍ജന്റീനയെ തോല്‍പിച്ച് ചാമ്പ്യനാകുമെന്ന് മെസിയോട് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്.

മെസിക്കും എംബാപ്പെക്കും ഒപ്പം കളിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. രണ്ട് പേരും വളരെ മികച്ച താരങ്ങളാണ്, കാലങ്ങളായി ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന ഫുട്‌ബോളറാണ് ലയണല്‍ മെസി,’ നെയ്മര്‍ പറയുന്നു.

നേരത്തെ, ബ്രസീല്‍ – പോര്‍ച്ചുഗല്‍ സ്വപ്‌ന ഫൈനലിനെ കുറിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പറഞ്ഞിരുന്നു.

ലൈവ് സ്‌കോറിന് നല്‍കിയ അഭിമുഖത്തില്‍ പോര്‍ച്ചുഗലും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനാണ് താരം ഉത്തരം പറയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരമായ കാസിമെറോയോട് തമാശപൂര്‍വം ഇക്കാര്യം താന്‍ പറയാറുണ്ടെന്നും റൊണാള്‍ഡോ പറയുന്നു.

‘ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഞാന്‍ കാസിമെറോയോട് എപ്പോഴും തമാശപൂര്‍വം പറയാറുണ്ട് പോര്‍ച്ചുഗലും ബ്രസീലുമായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടാന്‍ പോകുന്നതെന്ന്.


വൗ… അതൊരു സ്വപ്നഫൈനല്‍ തന്നെയായിരിക്കും. ഇത് ലോകകപ്പാണ്, ഞാന്‍ അത് സ്വപ്നം കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാം,’ താരം പറയുന്നു.

അതേസമയം, ലോകകപ്പിന്റെ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍ സ്ഥാനം ഉള്‍പ്പെട്ടിരിക്കുന്നത്. സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

നവംബര്‍ 25നാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയയാണ് എതിരാളികള്‍.

Content Highlight:  Neymar say he had discussed about the Brazil Argentina final with Messi

We use cookies to give you the best possible experience. Learn more