| Monday, 5th August 2024, 3:04 pm

നരകതുല്യമായിരുന്നു പി.എസ്.ജിയില്‍ എന്റെയും മെസിയുടെയും അവസ്ഥ; തുറന്നുപറഞ്ഞ് നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2021ലായിരുന്നു മെസി കറ്റാലന്‍മാരുടെ പടകുടീരം വിട്ട് പാരീസിലേക്ക് തട്ടകം മാറ്റിയത്. ബാഴ്‌സയിലെ തന്റെ സഹതാരമായിരുന്ന നെയ്മറിനൊപ്പം മികച്ച ഫുട്‌ബോള്‍ കളിക്കാമെന്ന എന്ന സ്വപ്‌നവുമായാണ് മെസി പി.എസ്.ജിയിലെത്തിയത്.

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന് ഹീറോയിക് വെല്‍കം തന്നെയായിരുന്നു പി.എസ്.ജിയും അള്‍ട്രാസും നല്‍കിയത്. എന്നാല്‍ പോകെ പോകെ അവര്‍ മെസിയെ വെറുത്തുതുടങ്ങി. ഫ്രാന്‍സിനെ പരാജയപ്പെടുത്തി 2022 ലോകകപ്പ് സ്വന്തമാക്കിയപ്പോഴും പി.സി.ജിക്കായി ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കാതെ പോയപ്പോഴുമെല്ലാം പി.എസ്.ജി ആരാധകര്‍ താരത്തെ കുരിശിലേറ്റി.

പി.എസ്.ജിയില്‍ തന്റെയും മെസിയുടെയും അവസ്ഥ വളരെ മോശമാണെന്നുള്ള നെയ്മറിന്റെ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. 2023 സെപ്റ്റംബറില്‍ ഇരുവരും യൂറോപ്പ് വിട്ടതിന് പിന്നാലെയാണ് നെയ്മര്‍ പി.എസ്.ജിയിലെ തങ്ങളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞത്.

‘മെസിയുമായി പി.എസ്.ജിയില്‍ കളിക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു, അതേസമയം ഏറെ ദുഃഖിതനുമായിരുന്നു. കാരണം ഒരു നാണയത്തിന്റെ ഇരുവശങ്ങളുമെന്ന പോലെയായിരുന്നു അദ്ദേഹമവിടെ ജീവിച്ചിരുന്നത്.

അര്‍ജന്റൈന്‍ ടീമിനൊപ്പം അദ്ദേഹം സ്വര്‍ഗത്തിലായിരുന്നു, ഇക്കഴിഞ്ഞ കാലയളവില്‍ എല്ലാം സ്വന്തമാക്കി. എന്നാല്‍ പാരീസിലാകട്ടെ അദ്ദേഹം ജീവിച്ചിരുന്നത് നരകത്തിലായിരുന്നു. ഞാനും അദ്ദേഹവും നരകതുല്യമായിരുന്ന അവസ്ഥയിലൂടെയാണ് കടന്നുപോയത്,’ ഗ്ലോബോക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.

പി.എസ്.ജിയില്‍ നിന്നും ഇരുവരുടെയും മടക്കം സന്തോഷമുള്ളതായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ ആരാധകര്‍ ഇരുവരെയും കൂവി വിളിച്ചിരുന്നു. പി.എസ്.ജിക്ക് കിരീടം നേടിക്കൊടുക്കാന്‍ തങ്ങള്‍ ആവുന്നത് പോലെ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ഞങ്ങള്‍ അവിടെയെത്തിയത് വെറുതെയായിരുന്നില്ല. ചാമ്പ്യന്‍മാരാകാനും ചരിത്രം കുറിക്കാനുമാണ്. ഇതുകൊണ്ടാണ് ഞങ്ങള്‍ വീണ്ടും ഒരുമിച്ചുകളിക്കാന്‍ തുടങ്ങിയത്. ചരിത്രം തിരുത്തിയെഴുതാന്‍ തന്നെയാണ് ഞങ്ങളിവിടെയെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല,’ നെയ്മര്‍ പറഞ്ഞു.

പി.എസ്.ജിയില്‍ മെസി അന്യായമായി ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കിരീടങ്ങളാണ് മെസി പി.എസ്.ജിക്കൊപ്പമുണ്ടായിരുന്ന രണ്ട് വര്‍ഷങ്ങളില്‍ നേടിക്കൊടുത്തത്.

നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ടീമിന്റെ ചരിത്രത്തിലെ ആദ്യ കിരീടവും മെസിയിലൂടെയാണ് പിറന്നത്. 2023ല്‍ നാഷ്‌വില്ലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മയാമി കപ്പുയര്‍ത്തിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം ടീമിലെ 11 പേരും കിക്കെടുത്ത ശേഷമാണ് വിജയികളെ കണ്ടെത്താന്‍ സാധിച്ചത്.

Content Highlight: Neymar said that his and Messi’s situation at PSG was like hell

We use cookies to give you the best possible experience. Learn more