സന്തോഷം കണ്ടെത്താനാണ് ഞാന്‍ കളിക്കുന്നത്, അല്ലാതെ മികച്ച ഫുട്‌ബോളറെന്ന പേരുകിട്ടാനല്ല: നെയ്മര്‍
Football
സന്തോഷം കണ്ടെത്താനാണ് ഞാന്‍ കളിക്കുന്നത്, അല്ലാതെ മികച്ച ഫുട്‌ബോളറെന്ന പേരുകിട്ടാനല്ല: നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th December 2022, 5:33 pm

ഖത്തര്‍ ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ മനംനൊന്ത് കണ്ണീരോടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ കളം വിട്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടാണ് കിരീട ഫേവറിറ്റുകളായ കാനറികള്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.

അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ ആറാം കിരീടമോഹത്തിന് അതോടെ തടസം സംഭവിക്കുകയായിരുന്നു. ലോകകപ്പില്‍ പരാജയമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ശക്തമായതോടെ നെയ്മര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്,

‘ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത് ആനന്ദം കണ്ടെത്താനാണ്. അല്ലാതെ മികച്ച കളിക്കാരനെന്ന പേരുകിട്ടാനല്ല. ഞങ്ങള്‍ ഇനിയും പ്രയത്‌നിക്കും, രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുകയും ചെയ്യും.’

മികച്ച പ്രകടനമായിരുന്നു നെയ്മര്‍ ഖത്തറില്‍ കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്കേറ്റ താരം രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായെങ്കിലും ശക്തമായ തിരിച്ചുവരവാണ് പ്രീക്വാര്‍ട്ടറില്‍ നടത്തിയത്. തുടര്‍ന്ന് ക്വാര്‍ട്ടറിലും ബ്രസീലിനായി ആശ്വാസ ഗോള്‍ നേടിയത് നെയ്മറായിരുന്നു.

ലോകകപ്പിന് ശേഷം നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയായിരുന്നു് പുറത്തുവന്നിരുന്നത്.

ബ്രസീലിയന്‍ മാധ്യമങ്ങളാണ് ബ്രസീലിനായി കോപ്പ അമേരിക്കയിലും ഒളിംപിക്സിലും കോണ്‍ഫഡറേഷന്‍ കപ്പിലുമെല്ലാം കിരീടം സമ്മാനിച്ച താരം ഒരിക്കല്‍ കൂടി ലോകകപ്പ് കളിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2026ലെ ലോകകപ്പിനൊരുങ്ങുമ്പോള്‍ താരത്തിന് 34 വയസാകുമെങ്കിലും അടുത്ത സുഹൃത്തായ ലയണല്‍ മെസിയാണ് തനിക്ക് പ്രചോദനമായതെന്നാണ് നെയ്മര്‍ പറഞ്ഞത്. മെസി വിശ്വകിരീടമുയര്‍ത്തിയപ്പോള്‍ താരത്തിന് ആശംസകള്‍ അറിയിച്ച് നെയ്മര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ലോകകപ്പ് അവസാനിച്ചതിന് ശേഷം ആവേശകരമായ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഡിസംബര്‍ 26ന് ആരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളോടെ ആരംഭിച്ച ക്ലബ്ബ് ഫുട്‌ബോള്‍ ആരവത്തിന് മൂര്‍ച്ച കൂട്ടി ഫ്രാന്‍സിലെ ടോപ്പ് ടയര്‍ ലീഗായ ലീഗ് വണ്ണും ചൊവ്വാഴ്ച ആരംഭിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പി.എസ്.ജി സ്ട്രോസ്ബര്‍ഗിനെതിരെയാണ് മത്സരിച്ചത്. നെയ്മര്‍, എംബാപ്പെ മുതലായ സൂപ്പര്‍ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമാണ് സ്ട്രോസ്ബര്‍ഗ് കാഴ്ച വെച്ചത്.

ഒരു മിനിട്ടിനിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായ മത്സരത്തില്‍ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേരുമായാണ് കളിച്ചത്.

നിലവില്‍ ഫ്രാന്‍സിലെ ടോപ്പ് ടയര്‍ ലീഗായ ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി 11 ഗോളുകളോടെ എംബാപ്പെക്ക് മാത്രം പിന്നിലാണ് നെയ്മര്‍.

Content Highlights: Neymar’s responses to the criticisms after Qatar World Cup