നെയ്മര്‍ പി.എസ്.ജി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് പിതാവ്
Football
നെയ്മര്‍ പി.എസ്.ജി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് പിതാവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 4:05 pm

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് മറ്റ് ക്ലബ്ബിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തുണ്ടെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

പി.എസ്.ജിയില്‍ ലയണല്‍ മെസിയെയും കിലിയന്‍ എംബാപ്പെയെയും നിലനിര്‍ത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നെയ്മറിന്റെ ശമ്പളം വെട്ടിക്കുറക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായും സൂചനകളുണ്ട്.

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നെയ്മറിന്റെ പിതാവ്. നെയ്മറും പി.എസ്.ജിയും തമ്മില്‍ ദീര്‍ഘനാളത്തെ കരാറിലാണെന്നും അതുകൊണ്ട് നെയ്മര്‍ പി.എസ്.ജി വിട്ട് പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഫുട്‌ബോളില്‍ എല്ലാം സാധ്യമാണ്. പക്ഷേ നെയ്മര്‍ പി.എസ്.ജിയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത് ദീര്‍ഘ നാളത്തേക്കാണ്. 2027 വരെ അവന്‍ അവിടെ തന്നെ തുടരും. വളരെ അടുത്ത സമയത്താണ് പി.എസ്ജിയിലെ കരാര്‍ പുതുക്കിയത്. അതുകൊണ്ട് ക്ലബ്ബ് വിട്ടുപോവുക ബുദ്ധിമുട്ടാണ്’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ നെയ്മര്‍ പി.എസ്.ജി വിടുന്നതാണ് താരത്തിന്റെ ഭാവിക്ക് നല്ലതെന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുന്നതാകും കൂടുതല്‍ ഉചിതമെന്നും മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോ പറഞ്ഞു. സിറ്റിയുടെ കളി ശൈലിയെ കുറിച്ചും താരം പ്രശംസിക്കുകയും ചെയ്തു. പ്രമുഖ മാധ്യമമായ ഗോള്‍ ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരൊക്കെ കൂടുമാറ്റം നടത്തുമെന്ന് പറയാനാകില്ല. എന്നാല്‍ നെയ്മറെ പി.എസ്.ജി റിലീസ് ചെയ്യാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. താരത്തിന് പി.എസ്.ജി വിടാന്‍ ഇതാണ് മികച്ച അവസരം. മാഞ്ചസ്റ്റര്‍ സിറ്റിയുമായി സൈന്‍ ചെയ്യാനായാല്‍ അത് വളരെ നല്ലതാകും.

മികച്ച ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയാല്‍ താരത്തിന് കൂടുതല്‍ മികവ് പുലര്‍ത്താനാകും. സിറ്റി വളരെയധികം അറ്റാക്കിങ് നടത്തുന്ന ടീമാണ്. കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ടീം കുതിച്ച് മുന്നേറുന്നുണ്ട്,’ റിവാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജി ഏഞ്ചേഴ്സിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ പി.എസ്.ജിക്ക് വേണ്ടി മെസി നേടുന്ന പതിമൂന്നാമത്തെ ഗോള്‍ ആണ് ഇത്.

ജനുവരി 16ന് റെന്നെസിന് എതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Neymar’s father responds on the contract with PSG