നെയ്മറില്ലാത്ത ബ്രസീല്‍ കൂടുതല്‍ അപകടകാരികള്‍
Football
നെയ്മറില്ലാത്ത ബ്രസീല്‍ കൂടുതല്‍ അപകടകാരികള്‍
സമീര്‍ കാവാഡ്
Monday, 28th November 2022, 6:31 pm

ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഖത്തറില്‍ രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്രസീല്‍ ടീമില്‍ നെയ്മറില്ലെന്നുറുപ്പായല്ലോ. മുമ്പത്തെപ്പോലെയല്ല, നെയ്മറില്ലാത്ത ബ്രസീല്‍ ഇക്കുറി കൂടുതല്‍ അപകടകാരികളായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നെയ്മറില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ബ്രസീല്‍ ടീം പടുക്കപ്പെട്ടിരുന്നത്. ആ തന്ത്രത്തിന്റെ പരാജയം കൂടിയായിരുന്നു കാനറികള്‍ സ്വന്തം നാട്ടിലടക്കം ഏറ്റുവാങ്ങിയ കണ്ണീര്‍ കടല്‍. ഇത്തവണ നെയ്മറെന്ന ഒറ്റയാനെ കേന്ദ്രീകരിച്ചുള്ള കളി എന്ന പോരായ്മ നികത്തിക്കൊണ്ടാണ് ടിറ്റെ നേരത്തെ തന്നെ കളി പ്ലാന്‍ ചെയ്തത്.

ഇന്നത്തെ മത്സരം അതുകൊണ്ടു തന്നെ മഞ്ഞക്കുപ്പായക്കാര്‍ക്ക് ഈസിയായിരിക്കും. അതേസമയം ആദ്യ മത്സരത്തില്‍ പ്രകടമായില്ലെങ്കിലും ചില പോരായ്മകളും ടീമിനുണ്ട്. അതിലേക്ക് വരാം.

ഇരുപത് വര്‍ഷത്തിനുശേഷമാണ് ബ്രസീല്‍ ഇത്രമാത്രം ഗംഭീര മുന്നേറ്റനിരയുമായി ലോകകപ്പിനെത്തുന്നത്. മുന്നേറ്റതാരങ്ങളെല്ലാം തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന യുവരക്തങ്ങളാണ് എന്നതുതന്നെയാണ് അതില്‍ ഏറ്റവും പ്രധാനം. വിനീഷ്യസും റഫീഞ്ഞയും ആദ്യ മത്സരത്തില്‍ തന്നെ കഴിവ് പുറത്തെടുത്തുകഴിഞ്ഞു.

റിച്ചാര്‍ലിസണാകട്ടെ തന്റെ പേര് ലോകകപ്പിന്റെ ചരിത്രത്താളില്‍ ആദ്യമത്സരത്തില്‍ തന്നെ പതിപ്പിച്ചു. റോഡ്രിഗോയും ആന്റണിയും അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നുറപ്പ്. അല്പസമയം പകരക്കാരന്റെ റോള്‍ ലഭിച്ചപ്പോഴേക്കും മാര്‍ട്ടിനെല്ലി തന്റെ വേഗവും പ്രതിഭയും സെര്‍ബിയക്കെതിരെ മിന്നിപ്പിച്ചതുകണ്ടില്ലേ..

മധ്യനിരയിലും വേണമെന്നു വെച്ചാല്‍ ഗംഭീര ടീമിനെ കളിപ്പിക്കാന്‍ ടിറ്റെയ്ക്കാവും. എന്നാല്‍ ബ്രൂണോ ഗ്യുമറാഷിനെയോ ഫബിഞ്ഞോയെയോ ഇറക്കാതെ കാസമെറോ, പക്വിറ്റ എന്നീ താരങ്ങളെയാണ് ആദ്യ മത്സരത്തില്‍ പരീക്ഷിച്ചത്. നെയ്മറിന് അറ്റാക്കിങ് മധ്യനിരതാരത്തിന്റെ റോളാണ് നല്‍കിയത്.

നെയ്മറിന്റെ പൊസിഷനില്‍ വിനീഷ്യസ് അപാര ഫോമില്‍ നിലവില്‍ കളിക്കുന്നതുകൊണ്ടാണ് നെയ്മറെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനില്‍ നിന്നും മാറ്റിക്കളിപ്പിക്കേണ്ടി വന്നത്. റയല്‍ മാഡ്രിഡില്‍ വന്‍ തുക മുടക്കി പ്രതീക്ഷയോടെ കൊണ്ടുവന്ന എദന്‍ ഹസാര്‍ഡിനും വിനീഷ്യസിന്റെ പ്രതിഭക്ക് മുന്നില്‍ ടീമിലിടം കിട്ടാതായതും ഹസാര്‍ഡിറങ്ങാത്ത ടീം ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും നേടുകയും ചെയ്തത് തൊട്ടടുത്ത സീസണിലാണ്.

ടീമിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് മാഡ്രിഡ് കോച്ചുമാരെപ്പോലെ ടിറ്റെയും അത്തരമൊരു തീരുമാനത്തിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ അതു ഫലം കണ്ടു. വിനീഷ്യസിന്റെ പാസിലും വുഡ്-വര്‍ക്കിലുമാണ് റിച്ചാര്‍ലിസന്റെ ഗോളുകള്‍ പിറന്നത്.

നെയ്മറെപ്പൊലൊരു സൂപ്പര്‍ താരത്തിന് പരിക്കുപറ്റിയത് ഇത്തവണത്തെ ബ്രസീല്‍ ആരാധകരെ ഒട്ടും ആശങ്കപ്പെടുത്താത്തതിനു കാരണം വിനീഷ്യസ്, മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍ തുടങ്ങി ഇടതുവിങ്ങില്‍ ആരെയും കൊതിപ്പിക്കുന്ന പ്രതിഭാധനരുടെ ആഴമാണ്. ബ്രസീല്‍ ടീമിനെ സംബന്ധിച്ച് അപകടം പതിയിരിക്കുന്നത് പ്രതിരോധത്തിലാണ്.

പരിചയസമ്പന്നമെങ്കിലും പ്രായാധിക്യം നിഴലിക്കുന്ന പ്രതിരോധമാണ് ബ്രസീലിന്റേത്. എംബാപ്പയെ പോലുള്ള ഒരു ഇടിമിന്നല്‍ താരത്തെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കെന്താവും പ്ലാന്‍. എഡര്‍ മിലിത്താവോയെ ഇറക്കാതെ കളിച്ചാല്‍ പണി പാളുമെന്നാണ് കളിനിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞകാലങ്ങളിലൊക്കെ ബ്രസീല്‍ പരീക്ഷിച്ചിരുന്ന വിങ് ബാക്കുകളിലൂടെയുള്ള അറ്റാക്കിങ് ശൈലി ഇക്കുറി മാറ്റിയിരിക്കുകയാണ് ടിറ്റെ. കാര്‍ലോസ്, കഫു അല്ലെങ്കില്‍ ഡാനി ആല്‍വേസ് (പഴയത്), മാര്‍സലോ പോലുള്ള വേഗക്കാരെ കണ്ടെത്താനാവാത്തതാണ് കാരണം. അതേസമയം ഏതു വന്‍ പ്രതിരോധത്തെയും കീറി മുറിക്കാന്‍ ശേഷിയുള്ള ഫോര്‍വേഡുകളിലാണ് ഇത്തവണ ടിറ്റെയുടെ പ്രതീക്ഷ.

സെര്‍ബിയക്കെതിരെ ഡാനിലോയും സാന്‍ഡ്രോയും പിഴവുകളില്ലാതെ കളിച്ചെങ്കിലും ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ പോലുള്ള ടീമുകളോട് ഇവര്‍ക്ക് എത്രമാത്രം പിടിച്ചുനില്‍ക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കും ബ്രസീലിന്റെ 2022 ലോകകപ്പ് സാധ്യതകള്‍.

Content Highlights: Neymar ruled out of Brazil’s match against Switzerland in Qatar World Cup 2022

സമീര്‍ കാവാഡ്
അധ്യാപകന്‍, എഴുത്തുകാരന്‍