ലോകകപ്പ് ഫൈനലിന് മുമ്പ് മെസിയോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു: നെയ്മര്‍
Football
ലോകകപ്പ് ഫൈനലിന് മുമ്പ് മെസിയോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു: നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 3:33 pm

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ താന്‍ അര്‍ജന്റീനയെയായിരുന്നു പിന്തുണച്ചതെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. മത്സരത്തിന് മുമ്പ് താന്‍ മെസിയുമായി സംസാരിച്ചിരുന്നെന്നും തന്റെ ടീമിന് സാധിക്കാത്തത് നിങ്ങള്‍ നേടിയെടുക്കണമെന്ന് മെസിയോട് പറഞ്ഞിരുന്നെന്നും നെയ്മര്‍ പറഞ്ഞു. അര്‍ജന്റീന ജേതാക്കളായതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

‘ലോകകപ്പ് ഫൈനലിന് മുമ്പ് ഞാന്‍ മെസിയോട് സംസാരിച്ചിരുന്നു. എനിക്കവിടെ വരെ എത്താന്‍ പറ്റിയില്ല, പക്ഷെ നിങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അതുകൊണ്ട് എങ്ങനെയും കിരീടം നേടണമെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്റെ പിന്തുണ അദ്ദേഹത്തിനാണെന്നും ഞാന്‍ അറിയിച്ചിരുന്നു. നല്ല നിലയില്‍ തന്നെ ഫൈനല്‍ അവസാനിച്ചു. ഞാന്‍ വളരെ സന്തോഷവാനാണ്. അര്‍ജന്റീനയുടെ ജയത്തിന് ശേഷം ഫുട്‌ബോളും സന്തോഷത്തിലാണ്,’ നെയ്മര്‍ പറഞ്ഞു.

ഫിഫ ലോകകപ്പ് 2022ലെ തോല്‍വിക്ക് ശേഷം കണ്ണീരോടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ കളം വിട്ടത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുമായി നടന്ന പോരാട്ടത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കാനറികള്‍ നിരാശയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

ബ്രസീലിനായി കോപ്പ അമേരിക്കയിലും ഒളിംപിക്സിലും കോണ്‍ഫെഡറേഷന്‍ കപ്പിലുമെല്ലാം കിരീടം സമ്മാനിച്ച താരം 2026ലെ ലോകകപ്പില്‍ കളിക്കുമെന്നും ബ്രസീലിനായി കീരീടം നേടുമെന്നും പറഞ്ഞിരുന്നു. അടുത്ത ലോകകപ്പിനിറങ്ങുമ്പോള്‍ താരത്തിന് 34 വയസാകുമെങ്കിലും അടുത്ത സുഹൃത്തായ ലയണല്‍ മെസിയാണ് തനിക്ക് പ്രചോദനമായതെന്നും നെയ്മര്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ 77ാം ഗോള്‍ നേടിയ നെയ്മര്‍ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. 123 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പെലെ 92 മത്സരങ്ങളില്‍ നിന്നാണ് ഗോള്‍ നേട്ടം 77 തികച്ചത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകളില്‍ വലകുലുക്കുന്ന മൂന്നാമത്തെ താരമായി നെയ്മര്‍ മാറി. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം.

പെലെയും റൊണാള്‍ഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരങ്ങള്‍. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാള്‍ഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോള്‍ നേടി.

Content Highlights: Neymar reveals what did he tell to Messi before the final in World Cup