| Friday, 18th August 2023, 2:15 pm

പി.എസ്.ജി വിടാനുള്ള കാരണം വെളിപ്പെടുത്തി നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ് വിട്ട നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഇന്റര്‍നാഷണലിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളിലെല്ലാം പ്രധാന ചര്‍ച്ചയുമായിരുന്നു.

നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പം കൈകോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. താരത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.

പി.എസ്.ജി വിട്ട് സൗദിയിലേക്ക് ചേക്കേറാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. യൂറോപ്പില്‍ കളി ആസ്വദിച്ചിരുന്നെന്നും ഒരു ആഗോള തല കളിക്കാരനാകണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും നെയ്മര്‍ പറഞ്ഞു. അതിനാണ് സൗദി ലീഗ് തെരഞ്ഞെടുത്തതെന്നും അവിടെയിപ്പോള്‍ മികച്ച താരങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്മറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘യൂറോപ്പില്‍ കുറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഞാനതെല്ലാം വളരെയധികം ആസ്വദിച്ചിട്ടുമുണ്ട്. ഒരു ആഗോള കളിക്കാരനാകാനാണ് എല്ലായിപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നത്. പുതിയ വെല്ലുവിളികള്‍ സ്വീകരിച്ച് പുതിയ സ്ഥലങ്ങളില്‍ കളിച്ച് എന്നെത്തന്നെ പരീക്ഷിക്കണമെന്നാണ് എന്റെ ആഗ്രഹം. സൗദി അതിന് ഉചിതമായ ലീഗാണ്. നിലവില്‍ അവിടെ പ്രഗത്ഭരായ കളിക്കാരുമുണ്ട്,’ നെയ്മര്‍ പറഞ്ഞു.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.

അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Neymar reveals the reason he leaves PSG

We use cookies to give you the best possible experience. Learn more