ആരാടാ തടിയൻ? പ്രതികരണവുമായി നെയ്മർ; വീഡിയോ
Football
ആരാടാ തടിയൻ? പ്രതികരണവുമായി നെയ്മർ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2024, 6:22 pm

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ശരീരം തടിച്ചുവെന്ന് പറഞ്ഞു ധാരാളം പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് നെയ്മര്‍.

അമിത ഭാരമുണ്ടാവുമെന്നും പക്ഷേ തനിക്ക് തളര്‍ച്ചയില്ലെന്നാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു നെയ്മര്‍.

‘വണ്ണം കൂടിയിട്ടുണ്ട്, പക്ഷെ അമിതഭാരമാണോ? എനിക്കങ്ങനെ തോന്നുന്നില്ല. എന്നെ വെറുക്കുന്നവരോട് ഒന്നും പറയാനില്ല. അവര്‍ എങ്ങോട്ടെങ്കിലും പോവുക,’ നെയ്മര്‍ പറഞ്ഞു.

റൊമാരിയോയുടെ 58ാം പിറന്നാള്‍ ആഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്ത നെയ്മറിന്റെ ശരീരഭാരം കൂടിയതായി ധാരാളം ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഇതിനെതിരെ ധാരാളം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

അതേസമയം ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വാക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ അടുത്ത ഒമ്പത് മാസം വരെ ഫുട്ബോളില്‍ നിന്നും താരം പുറത്താവുകയായിരുന്നു.

ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ബ്രസീലിയന്‍ താരം നേടിയത്.

നെയ്മര്‍ ഇല്ലെങ്കിലും സൗദി ലീഗില്‍ മിന്നും പ്രകടനമാണ് അല്‍ ഹിലാല്‍ നടത്തുന്നത്. 19 മത്സരങ്ങളില്‍ നിന്നും 17 വിജയവും രണ്ട് സമനിലയുമായി 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി എട്ടിന് അല്‍ നസറിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം.

Content Highlight: Neymar reaction video viral on Social Media.