കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി അമേരിക്കല്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുമെന്ന വിവരം അറിയിച്ചത്. മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് എം.എല്‍.എസ് ക്ലബ്ബുമായി മെസി ഒപ്പുവെക്കുക.
പുതിയ ക്ലബ്ബ് മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെസിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മെസിയുടെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.
നിലവാരം കുറഞ്ഞ എം.എല്‍.എസ് പോലൊരു ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്ത് കിടക്കുന്ന ഇന്റര്‍ മിയാമിയിലേക്ക് താരം ചേക്കേറാന്‍ ശ്രമിച്ചത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി അമേരിക്കയിലേക്ക് പോകുന്നതിനോട് പലരും അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പി.എസ്.ജിയില്‍ മെസിയുടെ സഹതാരമായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. മെസി ഇന്റര്‍ മിയാമിയിലേക്ക് പോകുന്ന വിവരം മറ്റുള്ളവരെക്കാള്‍ മുമ്പേ തനിക്കറിയാമായിരുന്നെന്നും അദ്ദേഹം തന്നോട് പങ്കുവെച്ചിരുന്നെന്നും നെയ്മര്‍ പറഞ്ഞു. ഇന്റര്‍ മിയാമിയെ മാത്രമല്ലെന്നും എം.എല്‍.എസ് ലീഗിനെ തന്നെ മെസി ഉയര്‍ന്ന ലെവലിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘മെസി എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇന്റര്‍ മിയാമിയിലേക്ക് പോകുന്ന വിവരം എനിക്ക് നേരത്തെ അറിയാമായിരുന്നു. ഇന്റര്‍ മിയാമിയെ മാത്രമല്ല, അമേരിക്കന്‍ ലീഗിനെ തന്നെ മികച്ച ലെവലിലേക്കെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ നെയ്മര്‍ പറഞ്ഞു.
മെസിയും നെയ്മറും ബാഴ്സലോണ എഫ്.സിക്ക് വേണ്ടി കളിക്കുമ്പോഴാണ് അടുത്ത സുഹൃത്തുക്കളാകുന്നത്. ബ്ലൂഗ്രാന ജേഴ്സിയില്‍ ഇരുവരും 206 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടുകയും 67 ഗോളുകള്‍ അടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 2015ല്‍ ബാഴ്സക്കായി ട്രെബിള്‍ നേടിയ മെസിയും നെയ്മറും പി.എസ്.ജി ക്ലബ്ബിനായി രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Neymar praises Lionel Messi