പുതിയ ക്ലബ്ബ് മാറ്റവുമായി ബന്ധപ്പെട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും മെസിയുടെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.
നിലവാരം കുറഞ്ഞ എം.എല്‍.എസ് പോലൊരു ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്ത് കിടക്കുന്ന ഇന്റര്‍ മയാമിയിലേക്ക് താരം ചേക്കേറാന്‍ ശ്രമിച്ചത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി അമേരിക്കയിലേക്ക് പോകുന്നതിനോട് പലരും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ മെസിയുടെ മുന്‍ സഹതാരവും ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കറുമായ നെയ്മറിന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണ്. മെസി ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം മറ്റുള്ളവരെക്കാള്‍ മുമ്പേ തനിക്കറിയാമായിരുന്നെന്നും അദ്ദേഹം തന്നോടത് പങ്കുവെച്ചിരുന്നെന്നും നെയ്മര്‍ പറഞ്ഞു. ഇന്റര്‍ മയാമിയെ മാത്രമല്ല എം.എല്‍.എസ് ലീഗിനെ തന്നെ മെസി ഉയര്‍ന്ന ലെവലിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
‘മെസി എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം എനിക്ക് നേരത്തെ അറിയാമായിരുന്നു. ഇന്റര്‍ മയാമിയെ മാത്രമല്ല, അമേരിക്കന്‍ ലീഗിനെ തന്നെ മികച്ച ലെവലിലേക്കെത്തിക്കാന്‍ മെസിക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ നെയ്മര്‍ പറഞ്ഞു.
അതേസമയം, എം.എല്‍.എസ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ രണ്ടാം മത്സരത്തില്‍ അറ്റ്ലാന്റ യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ് മെസിപ്പട വിജയിച്ചിരുന്നു. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ വിജയം.
മെസിയുടെ ഇരട്ട ഗോളിലാണ് മയാമി ലീഗ്സ് കപ്പിലെ തങ്ങളുടെ രണ്ടാം വിജയവും കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാം സ്ഥാനത്തെത്താനും മയാമിക്ക് സാധിച്ചു.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടിയിരുന്നു. അറ്റ്ലാന്റയുടെ ഗോള്‍മുഖത്തെ വിറപ്പിച്ച ഷോട്ടുമായി മെസിയാണ് മയാമിയെ മുമ്പിലെത്തിച്ചത്. ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരത്തിലും ഗോള്‍ നേടിയ മെസി ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ച്ചയായ 15 പരാജയങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍ മയാമി രണ്ട് മത്സരങ്ങളില്‍ വിജയിക്കുന്നത്.