| Thursday, 17th August 2023, 9:14 am

ആളുകള്‍ ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണെന്ന് പറഞ്ഞു; ഇപ്പോള്‍ സൗദിയിലെ സ്ഥിതി നോക്കൂ: നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി ലീഗിന്റെ വികസനത്തിന് പിന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍. ക്രിസ്റ്റ്യാനോ സൗദി ലീഗിലേക്ക് ചേക്കേറിയതിനെ പലരും ചോദ്യം ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രവേശത്തോടെ വലിയ മാറ്റമാണ് ലീഗില്‍ സംഭവിച്ചിരിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു. നെയ്മറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അല്‍ ഹിലാല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.

‘സൗദി ലീഗില്‍ സംഭവിച്ച ചരിത്രപരമയ മാറ്റത്തിന്റെ തുടക്കക്കാരനായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹം ലീഗില്‍ ചേരുമ്പോള്‍ ആളുകള്‍ ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണെന്ന് പറഞ്ഞു. പക്ഷെ ഇപ്പോള്‍ സൗദി ലീഗില്‍ സംഭവിക്കുന്ന വികസനം എല്ലാവര്‍ക്കും കാണാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അദ്ദേഹത്തിന്റെ ടീമിനെയും നേരിടേണ്ടി വരുന്നത് രസകരമായ അനുഭവമായിരിക്കും,’ നെയ്മര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി അല്‍ നസര്‍ അറബ് കപ്പില്‍ മുത്തമിട്ടിരുന്നു. റോണോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അല്‍ നസര്‍ ചാമ്പ്യന്മാരായത്.

അതേസമയം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.

ഇവക്ക് പുറമെ അല്‍ ഹിലാലിന്റെ ഓരോ ജയത്തിനും 80,000 യൂറോ ബോണസ് നല്‍കും. സൗദി അറേബ്യയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ച് ലക്ഷം യൂറോയും നെയ്മര്‍ക്ക് ലഭിക്കും. താരം ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്നും ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് നെയ്മറെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാമുകി ബ്രൂണാ ബിയാന്‍കാഡിക്കൊപ്പം താമസിക്കുവാനും അനുമതി ലഭിക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇളവ് ലഭിച്ചിരുന്നു. സൗദിയില്‍ വിവാഹിതരല്ലാത്തവര്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണ് നിയമം.

അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: Neymar praises Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more