| Friday, 12th May 2023, 8:10 am

നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ ഒത്തിരി സന്തോഷം, നിങ്ങള്‍ വലിയവനാണ്; സൂപ്പര്‍താരത്തിന് നെയ്മറിന്റെ സന്ദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയില്‍ മനോഹരമായ അധ്യായം തീര്‍ത്തതിന് ശേഷമാണ് ബ്രസീല്‍ സൂപ്പര്‍താരം ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ലയണല്‍ മെസിയടക്കം ബാഴ്‌സലോണയിലെ ഒട്ടുമിക്ക താരങ്ങളുമായും നെയ്മര്‍ക്ക് മികച്ച സൗഹൃദം പടുത്തുയര്‍ത്താനായിട്ടുണ്ട്. ബാഴ്‌സലോണ ലെജന്‍ഡ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ബ്ലൂഗ്രാനയുടെ പടിയിറങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബുസ്‌ക്വെറ്റ്‌സിനായി നെയ്മര്‍ കുറിച്ച വാചകങ്ങള്‍ ശ്രദ്ധ തേുടകയാണിപ്പോള്‍. ബുസിക്കൊപ്പം ബാഴ്‌സയില്‍ കളിക്കാനായതില്‍ ഒത്തിരി സന്തോഷം ഉണ്ടെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആശംസകള്‍ നേരുന്നു എന്നുമാണ് നെയ്മര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.

‘എല്ലാത്തിനും ഒത്തിരി നന്ദി, ബുസി. നിങ്ങള്‍ക്കൊപ്പം മനോഹര നിമിഷങ്ങള്‍ പങ്കുവെക്കാനായതില്‍ ഒത്തിരി സന്തോഷം തോന്നുന്നു. നിങ്ങള്‍ മികച്ച കളിക്കാരനാണ്. പുതിയ സ്റ്റേജിലേക്ക് കടക്കുമ്പോള്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു,’ നെയ്മര്‍ കുറിച്ചു.

ബാഴ്‌സലോണയില്‍ ബുസ്‌ക്വെറ്റ്‌സിനൊപ്പം നെയ്മര്‍ 158 മത്സരങ്ങള്‍ക്കിറങ്ങിയിട്ടുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പട്ടവും മൂന്ന് ലാ ലിഗ ടൈറ്റിലുകളുമടക്കം എട്ട് ട്രോഫികള്‍ ഇരുവരും ഒരുമിച്ച് നേടിയിട്ടുണ്ട്.

അതേസമയം, ബുസ്‌ക്വെറ്റ്‌സ് തന്നെയാണ് ബാഴ്സയില്‍ നിന്ന് വിട വാങ്ങുകയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. പ്രമുഖ താരങ്ങളടക്കം നിരവധിയാളുകളാണ് താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയത്.

ലയണല്‍ മെസി ബാഴ്‌സയിലുണ്ടായിരുന്ന സമയത്ത് ക്ലബ്ബിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ബുസ്‌ക്വെറ്റ്‌സ്. താരത്തിന്റെ വിടവാങ്ങല്‍ ടീം ബ്ലൂഗ്രാനയുടെ മധ്യ നിരയുടെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ ആദ്യം. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരില്‍ രണ്ടാമത്തെയാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടത്. ബുസ്‌ക്വെറ്റ്‌സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.

ലാ ലിഗയില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 26 ജയവും മൂന്ന് തോല്‍വിയുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ അത്‌ലെറ്റികോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് 15ന് എസ്പന്യോളിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Neymar passes message to Sergio Busquets

We use cookies to give you the best possible experience. Learn more