ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2023-24 മത്സരത്തില്‍ പങ്കെടുക്കാന്‍ നെയ്മര്‍ ഇന്ത്യയിലെത്തും. മുംബൈ സിറ്റിയെ നേരിടാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പമാണ് താരം ഇന്ത്യയിലെത്തുക.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ അല്‍ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നെയ്മര്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ താരങ്ങളില്‍ ഒരാള്‍ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
2022 ഡിസംബറില്‍ ഗോവയില്‍ നടന്ന റെഡ് ബുള്‍ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് വേള്‍ഡ് ഫൈനല്‍ കളിക്കാനാണ് നെയ്മര്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. അക്കാലയളവില്‍ നെയ്മര്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തുകയും നിരവധി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ലീഗ് വണ്‍ ജയന്റ്സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Neymar Jr to play in India