ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ക്ലബ് ലെവലില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറെ കാലം പന്ത് തട്ടിയ താരം ഇപ്പോള്‍ എം.എല്‍.എസില്‍ ഇന്റര്‍മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 852 ഗോളുകള്‍ നേടി മുന്നേറുകയാണ് മെസി.
ബാഴ്‌സയ്ക്ക് വേണ്ടി 17 സീസണില്‍ മെസി പന്ത് തട്ടിയിട്ടുണ്ട്. 2004 മുതല്‍ 2021വരെയാണ് മെസി ബാഴ്‌സയില്‍ ഉണ്ടായിരുന്നത്. 2013നും 2017നും ഇടയില്‍ ബാഴ്‌സയ്ക്ക് വേണ്ടി നെയ്മര്‍ ജൂനിയറും മെസിയും ഒരുമിച്ച് കളിച്ചിരുന്നു.
ബാഴ്‌സയ്ക്ക് വേണ്ടി നാല് സീസണിലാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. 161 മത്സരങ്ങളില്‍ നിന്ന് ഇരുവരും തോര്‍ന്ന് 56 ഗോള്‍ നേടാന്‍ സാധിച്ചിരുന്നു.
ഇപ്പോള്‍ തങ്ങള്‍ ബാഴ്‌സയില്‍ ഒരുമിച്ചുണ്ടായ കാലത്ത് മെസിക്ക് പെനാല്‍റ്റി എടുക്കാന്‍ പഠിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. പോഡ്പാ പോഡ്കാസ്റ്റിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഫാബ്രിസോ റൊമാനോയോടാണ് നെയ്മര്‍ സംസാരിച്ചത്.
‘മെസിയെ പെനാല്‍റ്റി എടുക്കാന്‍ ഞാന്‍ സഹായിച്ചു! ഞങ്ങള്‍ പരിശീലനത്തിലായിരുന്നു, അവന്‍ എന്നോട് ചോദിച്ചു… നീ എങ്ങനെയാണ് ആ രീതിയില്‍ പെനാല്‍റ്റി എടുക്കുന്നതെന്ന്? എന്റെ രീതി ഇങ്ങനെയാണ് എനിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, നിനക്കും കഴിയും, നീ മെസി തന്നെയാണ്. പിന്നെ ഞാന്‍ അവനെ പഠിപ്പിച്ചു, അവന്‍ പരിശീലനം നേടി,’ നെയ്മര്‍ പറഞ്ഞു.
നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ അല്‍ ഹിലാലില്‍ നിന്ന് തന്റെ പഴയകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നെയ്മര്‍. കഴിഞ്ഞ സീസണില്‍ സൗദി പ്രോ ലീഗില്‍ താരത്തിന് ചുരുങ്ങിയ മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. പരിക്ക് മൂലം ഏറെ കാലം താരത്തിന് ഫുട്‌ബോളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു.
Content Highlight: Neymar Jr Talking About Lionel Messi