ചിര വൈരികളായ മാഴ്സയെ ഡെർബി മാച്ചിൽ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന് ഫ്രഞ്ച് കപ്പ് പ്രീ ക്വാർട്ടറിൽ മാഴ്സക്കെതിരെ പരാജയം ഏറ്റുവാങ്ങി പുറത്തായ പാരിസ് ക്ലബ്ബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാൽ അതിനെയൊക്കെ മറികടക്കുന്ന പ്രകടനമായിരുന്നു തിങ്കളാഴ്ച പി.എസ്.ജി അവരുടെ റൈവലറി ക്ലബ്ബിനെതിരെ പുറത്തെടുത്തത്.
മെസി ഒന്നും എംബാപ്പെ രണ്ടും ഗോൾ നേടി തിളങ്ങിയ മത്സരത്തിൽ എംബാപ്പെയുടെ രണ്ട് ഗോളിനും മെസിയും മെസിയുടെ ഒരു ഗോളിന് എംബാപ്പെയുമാണ് അസിസ്റ്റ് നൽകിയത്.
മത്സരത്തിൽ പരിക്ക് മൂലം നെയ്മർ കളിക്കാനുണ്ടായിരുന്നില്ല. എന്നാൽ പരിക്ക് കഴിഞ്ഞ് ഷെർമാങ്ങിലേക്ക് തിരിച്ചു വരുന്ന നെയ്മർക്ക് മെസിക്കും എംബാപ്പെക്കുമൊപ്പം കളിക്കാൻ സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയോലോ.
മെസിയും എംബാപ്പെയും തിളങ്ങുന്ന പി. എസ്.ജിയിൽ നെയ്മർക്ക് ഇനി കാര്യമായ റോളൊന്നുമില്ലെന്നും, ഈ മൂന്ന് താരങ്ങളെയും ഒരുമിച്ചു കളിപ്പിക്കുന്നത് പി. എസ്.ജി നിർത്തിയേക്കുമെന്നും റയോലോ അഭിപ്രായപ്പെടുന്നു.
കൂടാതെ പരിക്ക് കഴിഞ്ഞ് തിരിച്ചു വരുന്ന നെയ്മറെ ബെഞ്ചിലിരുത്താനുള്ള ധൈര്യം പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.
ഫ്രഞ്ച് റേഡിയോ ചാനലായ ആർ.എം.സിക്ക് നൽകിയ അഭിമുഖത്തിലാണ് റയോലോ നെയ്മറെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“മെസിക്കും എംബാപ്പെക്കും നെയ്മർക്കും ഒരുമിച്ച് കളിക്കാൻ സാധിക്കില്ലെന്ന സത്യം ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കണം. ഗാൾട്ടിയർക്ക് ക്ലബ്ബിൽ എന്തെങ്കിലും മാറ്റമുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നെയ്മർ തിരിച്ചു വരുമ്പോൾ ബെഞ്ചിൽ ഇരിക്കാൻ പറയാനുള്ള ധൈര്യം ഗാൾട്ടിയർക്കുണ്ടാകണം,’ ഡാനിയേൽ റയോലൊ പറഞ്ഞു.
പി.എസ്.ജിക്കായി ഇതുവരെ 17 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. 16 അസിസ്റ്റുകളും ക്ലബ്ബിനായി അദ്ദേഹം സ്വന്തമാക്കി.
29 ഗോളുകളാണ് എംബാപ്പെ ഈ സീസണിൽ പി.എസ്.ജിക്കായി സ്വന്തമാക്കിയത്.
നിർണായകമായ മാഴ്സെക്കെതിരെയുള്ള മത്സരം വിജയിച്ചതോടെ ലീഗ് വണ്ണിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയത്തോടെ 60 പോയിന്റുകൾ സ്വന്തമാക്കാൻ പി.എസ്.ജിക്ക് സാധിച്ചു.