|

ശത്രുക്കള്‍ക്കെന്നെ എന്നും ഇടിച്ചുവീഴ്ത്താനാകില്ല, തിരിച്ചുവരിക തന്നെ ചെയ്യും; പരിക്കിനിടെ പ്രതികരിച്ച് നെയ്‌മെര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് കനത്ത തിരിച്ചടിയായിരിക്കുകാണ്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള രണ്ടാം മത്സരത്തിലും കാമറൂണുമായുള്ള അവസാന മത്സരത്തിലും താരം കളിക്കില്ലെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടയില്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മര്‍. വീണ്ടും ഒരു ലോകകപ്പിനിടെ പരിക്ക് പറ്റിയത്(2014ലെ ബ്രസീല്‍ ലോകകപ്പില്‍ പരിക്ക് പറ്റി താരത്തിന് പുറത്തുപോകേണ്ടി വന്നിരുന്നു) വേദനിപ്പിക്കുന്നുണ്ടെന്നും തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്നും നെയ്മര്‍ കുറിച്ചു.

തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും തന്റെ രാജ്യത്തെ സഹായിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.

‘ഈ ജേഴ്‌സി(ബ്രസീല്‍) ധരിക്കുമ്പോള്‍ തോന്നുന്ന അഭിമാനവും സന്തോഷവും വാക്കുകള്‍ക്കതീതമാണ്.
അടുത്ത ജന്മത്തില്‍ രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം എനിക്ക് അവസരം നല്‍കുകയാണെങ്കില്‍ അത് ബ്രസീല്‍ തന്നെയായിരിക്കും.

എന്റെ ജീവിതത്തില്‍ ഒരു കാര്യവും അത്ര എളുപ്പമായിരുന്നില്ല. ആരും എനിക്കൊന്നും വെച്ചുന്നിട്ടിയിട്ടില്ല.
എന്റെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി ആന്നും ഇന്നും ഞാന്‍ കഠിനധ്വാനം ചെയ്യുകയാണ്. ആര്‍ക്കും ഞാനിതുവരെ ഒരു ദോശവും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. സഹായം വേണ്ടയിടത്തേക്കൊക്കെ ചെന്നിട്ടേയുള്ളു.

ഇന്ന് എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൊന്നിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വീണ്ടും ഒരു ലോകകപ്പില്‍ വെച്ച് എനിക്ക് ഒരു പരിക്കുപറ്റിയിരിക്കുന്നു. അതൊരു വല്ലാത്ത അവസ്ഥയാണ്. അതെന്നെ വേദനിപ്പിക്കുന്നുണ്ട്.

എന്നാലും തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്നെനിക്ക് ഉറപ്പുണ്ട്, കാരണം ഞാന്‍ എന്റെ രാജ്യത്തെയും ടീമംഗങ്ങളെയും എന്നെയും സഹായിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ശത്രുക്കള്‍ എന്നെ ഇങ്ങനെ തകര്‍ത്തു കളയാമെന്ന് കാത്തിരിക്കുകയാണോ? ഒരിക്കലുമില്ല, കാരണം എന്തും സാധിക്കുന്ന ദൈവത്തിന്റെ കുഞ്ഞാണ് ഞാന്‍, എന്റെ വിശ്വാസം അനന്തമാണ്,’ നെയ്മര്‍ എഴുതി.

സെര്‍ബിയന്‍ താരത്തില്‍ നിന്നേറ്റ ചവിട്ടാണ് നെയ്മര്‍ക്ക് പരിക്കേല്‍പ്പിച്ചത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കളി അവസാനിക്കുന്നതിന് മുമ്പേ നെയ്മറിന് കളം വിടേണ്ടിവന്നിരുന്നു.

മത്സരം അവസാനിക്കാന്‍ 11 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റത്. ശേഷം പരിക്കേറ്റ് കാല്‍വീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ മത്സരത്തില്‍ ഒമ്പത് തവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്.

അതേസമയം, ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ട് ഗോളുകളും നേടിയത്.

ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.

Content Highlight: Neymar jr reacts during injury, Says will come back, Enemies cannot always knock me down

Latest Stories