ഫിഫ ലോകകപ്പ് 2026ലേക്കുള്ള യോഗ്യത മത്സരത്തിനിടെ കണ്ണീരോടെ കളംവിട്ട് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ബുധനാഴ്ച ഉറുഗ്വേയ്‌ക്കെതിരായ ബ്രസീലിന്റെ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ രണ്ടാം പാദം തുടങ്ങി ആദ്യ മിനിട്ടില്‍ എതിര്‍ടീം താരം നിക്കോളാസ് ക്രൂസ് നെയ്മറില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെയാണ് താരത്തിന്റെ വീഴ്ച.
നെയ്മറെ പിന്നീട് സ്‌ട്രെക്ച്ചറില്‍ കൊണ്ടുപോവുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് കളംവിടുന്ന നെയ്മറെ നടുക്കത്തോടെയാണ് ആരാധകര്‍ നോക്കിനിന്നത്. പരിക്ക് ഗുരുതരമാണെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.
മത്സരത്തില്‍ ബ്രസീല്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വേ കാനറിപ്പടയെ തോല്‍പ്പിച്ചത്. നെയ്മറിന്റെ പരിക്കും ടീമിന് വലിയ തിരിച്ചടിയായി. നെയ്മറിന് പുറമെ വിനീഷ്യസ് ജൂനിയര്‍, ജീസസ്, റോഡ്രിഗോ എന്നീ താരങ്ങളെ അണിനിരത്തിയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയിരുന്നത്. മത്സരത്തിന്റെ 42ാം മിനിട്ടില്‍ നുനസ് നേടിയ തകര്‍പ്പന്‍ ഗോളിന് പിന്നാലെയാണ് നെയ്മറിന്റെ പരിക്ക്.
രണ്ടാം പാദത്തില്‍ നുനസിന്റെ അസിസ്റ്റില്‍ ലാ ക്രൂസ് ഉറുഗ്വേയ്ക്കായി മറ്റൊരു ഗോള്‍ നേടി. ഇതോടെ ബ്രസീല്‍ തോല്‍വി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാച്ചില്‍ തോല്‍വി വഴങ്ങിയ ബ്രസീലിന് ഈ തോല്‍വി പ്രത്യാഘാതം സൃഷ്ടിച്ചേക്കും. അടുത്ത അര്‍ജന്റീന, കൊളംബിയ എന്നീ ടീമുകളുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുക.
Content Highlights: Neymar Jr leaves the pitch crying after new injury tonight vs Uruguay