ലോകകപ്പ് ഫേവറിറ്റുകളിൽ ശക്തരായ ടീമുകളിൽ ഒന്നാണ് ബ്രസീൽ. ഖത്തറിൽ ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോച്ച് ടിറ്റെ കിടിലൻ ടീമിനെ പ്രഖ്യാപിച്ചത്.
വേൾഡ് കപ്പിൽ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ ബ്രസീലിന്റെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നിന്നും മനസിലാകുന്നത്.
സൂപ്പർ താരങ്ങളായ തിയാഗോ സിൽവ, കാസിമെറോ, നെയ്മർ തുടങ്ങിയ കരുത്തർ അടങ്ങുന്നതാണ് ലാറ്റിനമേരിക്കൻ വമ്പൻമാരുടെ പട. ഈ സീസണിൽ മികച്ച ഫോം കാഴ്ചവെക്കുന്ന നെയ്മറിൽ വലിയ പ്രതീക്ഷയാണ് ബ്രസീൽ ചെലുത്തുന്നത്.
പി.എസ്.ജിയിൽ താരം മികച്ച പ്രകടനം പുറത്തെടുക്കുന്നത് ബ്രസീലിന് വലിയ ഉത്തേജനം നൽകുന്നുണ്ട്. ഇപ്പോൾ ഖത്തർ ലോകകപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഖത്തറിൽ എത്ര ഗോളുകൾ നേടുമെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ലോകകപ്പിൽ ബ്രസീലിനായി കുറഞ്ഞത് അഞ്ച് ഗോളെങ്കിലും സ്കോർ ചെയ്യുമെന്നാണ് നെയ്മർ പറഞ്ഞത്.
2010ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം ഞൊടിയിടയിലാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. 2018 ഫിഫ ലോകകപ്പിൽ തന്റെ ദേശീയ ടീമിനായി നെയ്മർ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് തവണ ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.
ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ 2-1 എന്ന മാർജിനിൽ ബ്രസീൽ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു.
ഇത്തവണ കൂടുതൽ ശക്തമായാണ് ടീം ബ്രസീൽ ഖത്തറിലെത്തുക. പരിചയ സമ്പന്നരായ താരങ്ങളുടെ വമ്പൻ നിരതന്നെയാണ് കാനറികൾക്കൊപ്പമുള്ളത്.
2002ൽ തങ്ങളുടെ അവസാന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീൽ, 20 വർഷത്തിന് ശേഷം വിശ്വകിരീടം സ്വന്തമാക്കാൻ സജ്ജരായാണ് കളത്തിലിറങ്ങുക.
സെർബിയക്കും സ്വിറ്റ്‌സർലാൻഡിനും കാമറൂണിനുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് ബ്രസീൽ. നവംബർ 24നാണ് അരങ്ങേറ്റ മത്സരം. നവംബർ 28നും ഡിസംബർ രണ്ടിനുമാണ് ബ്രസീലിന്റെ മറ്റു മത്സരങ്ങൾ.