ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ തകർപ്പൻ ജയത്തോടൊപ്പം റെക്കോഡുകൾ പേരിലാക്കി ബ്രസീലും നെയ്മറും. ബ്രസീലിനായി മൂന്ന് ലോകകപ്പുകളിൽ വലകുലുക്കുന്ന മൂന്നാമത്തെ താരമായി നെയ്മർ മാറി. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം.
പെലെയും റൊണാൾഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബ്രസീലിയൻ താരങ്ങൾ. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാൾഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോൾ നേടി.
ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ പെലെയുടെ 77 ഗോളിന് തൊട്ടുപിന്നിലെത്തി നിൽക്കുകയാണ് നെയ്മർ. 76 ഗോളുകളാണ് നിലവിൽ താരത്തിന്റെ അക്കൗണ്ടിലുള്ളത്. 62 ഗോളുകളാണ് റൊണാൾഡോ ബ്രസീലിനായി നേടിയിരുന്നത്.
1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ നാല് ഗോൾ നേടുന്നത്. 98ൽ ചിലിക്കെതിരെയും ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.
അതേസമയം ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ തകർത്ത് ടീം ബ്രസീൽ ക്വാർട്ടറിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഞെട്ടിക്കുന്ന ജയവുമായാണ് കാനറിപ്പടയുടെ മുന്നേറ്റം.
ആദ്യ പകുതിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കാനറികൾ ആധിപത്യം പുലർത്തിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ മത്സരത്തിൽ കാൽക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മർ പിന്നീടുള്ള ബ്രസീലിൻറെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.
സെർബിയയെ 2-0നും സ്വിറ്റ്സർലൻഡിനെ 1-0ന് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടിവന്നിരുന്നു.
പരിക്കിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നെയ്മർ പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ വലയിലേക്ക് തന്റെ ആദ്യ ഗോൾ തൊടുക്കുകയായിരുന്നു. നെയ്മറിന്റെ ഏഴാമത്തെ ലോകകപ്പ് ഗോളാണ് കൊറിയയ്ക്കെതിരേ പിറന്നത്.
ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.
Content Highlights: Neymar joins Pele and Ronaldo as the only Brazilian male footballers to score in 3 World Cup tournaments