സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിനൊപ്പമുള്ള കരാര്‍ അവസാനിക്കുന്നതോടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ തന്റെ ബോയ്ഹുഡ് ടീമായ സാന്റോസിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ മാധ്യമപ്രവര്‍ത്തകനായ ലൂയീസ് മെര്‍ലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരാറിനെ കുറിച്ച് നെയ്മറുമായി സാന്റോസ് ധാരണയിലെത്തിയെന്നും അല്‍ ഹിലാലുമായുള്ള കരാര്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
നിലവിലെ ക്യാമ്പെയ്‌നിന്റെ അവസാനത്തോടെ നെയ്മറിന്റെ സൈനിങ് പ്രഖ്യാപിക്കാനാണ് സാന്റോസ് ഒരുങ്ങുന്നത്.
സാന്റോസിന്റെ യൂത്ത് അക്കാദമിയില്‍ നിന്നുമാണ് നെയ്മര്‍ കാല്‍പന്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 2003ല്‍ യൂത്ത് അക്കാദമിയുടെ ഭാഗമായ താരം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ സാന്റോസ് സീനിയര്‍ ടീമിന് വേണ്ടി ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
2011ല്‍ സാന്റോസ് കോപ്പ ലിബര്‍ട്ടഡോസ് കിരീടം നേടിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് നെയ്മറായിരുന്നു. സാന്റോസിനോട് ഗുഡ് ബൈ പറയും മുമ്പ് ടീമിനായി 225 മത്സരങ്ങളില്‍ താരം പന്തുതട്ടിയിരുന്നു. ടീമിനായി 136 ഗോള്‍ അടിച്ചുകൂട്ടിയ താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനുമാണ്.
പി.എസ്.ജിയില്‍ നിന്നും അല്‍ ഹിലാലിലെത്തിയ നെയ്മറിനെ പരിക്കുകള്‍ വേട്ടയാടിയിരുന്നു. ടീമിനായി ഇതുവരെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചത്.
പരിക്കേറ്റ് ഒരു വര്‍ഷത്തിലധികം കളത്തിന് പുറത്തായിരുന്ന താരം 369 ദിവസങ്ങള്‍ക്ക് ശേഷം അല്‍ ഹിലാലിന്റെ നീല ജേഴ്‌സിയില്‍ കളത്തിലിറങ്ങി. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഐനിനിതെരായ മത്സരത്തില്‍ പകരക്കാരന്റെ റോളിലാണ് നെയ്മര്‍ മൈതാനത്തിറങ്ങിയത്.
മത്സരത്തില്‍ അല്‍ ഹിലാല്‍ നാലിനെതിരെ അഞ്ച് ഗോളിന് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ നെയ്മര്‍ വീണ്ടും പരിക്കിന്റെ പിടിയിലകപ്പെടുകയായിരുന്നു.
അടുത്ത വര്‍ഷം ജൂണില്‍ നെയ്മറുമായുള്ള ഹിലാലിന്റെ കരാര്‍ അവസാനിക്കും. താരത്തിന്റെ പരിക്കുകളും വേതനവും കണക്കിലെടുത്ത് സൗദി ക്ലബ്ബ് താരത്തിനായി പുതിയ കരാറും മുന്നോട്ട് വെച്ചേക്കില്ല.
നേരത്തെ, 2023 ഏപ്രിലില്‍, അല്‍ ഹിലാലുമായി കരാറിലെത്തുന്നതിന് മുമ്പ് നെയ്മര്‍ സാന്റോസിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോപ്പാ സുഡാമേരിക്കാനയില്‍ ഒഡാക്സ് ഇറ്റാലിയാനോക്കെതിരായ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ താരത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് നെയ്മര്‍ വീണ്ടും സാന്റോസിനൊപ്പം ചേരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് വഴിവെച്ചത്.
‘സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ഇതെന്റെ സ്വന്തം വീടുപോലെയാണ്. പത്ത് വര്‍ഷത്തിന് ശേഷം ഇവിടെ മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഞാനേറെ സന്തോഷവാനാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. വിജയമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാനിവിടെ സാന്റോസിനെ പിന്തുണക്കാനും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങാനുമാണ് എത്തിയത്.
എനിക്കെല്ലാം നല്‍കിയത് ഈ ക്ലബ്ബാണ്. ഈ ക്ലബ്ബാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി വാതില്‍ തുറന്നിട്ടത്. എന്നെ ലോകത്തിന് മുമ്പില്‍ കാണിച്ചതും ഇതേ സാന്റോസ് തന്നെയാണ്. ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും. ഉടന്‍ തന്നെ ഞാന്‍ വരും,’ എന്നായിരുന്നു നെയ്മര്‍ പറഞ്ഞത്.
Content Highlight: Neymar is reportedly set to return to Santos FC