ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ ഖത്തര്‍ വിട്ടത്. കിരീട ഫേവറിറ്റുകളായ കാനറികള്‍ ഫൈനല്‍ കടക്കുമെന്ന ആരാധകരുടെ പ്രതീക്ഷ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തകിടം മറിയുകയായിരുന്നു.
ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിന് ക്രൊയേഷ്യ ബ്രസീലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനിട്ടിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് തൊടുത്ത ലോങ് റേഞ്ചര്‍ ഗോളാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്.
അപ്രതീക്ഷിതമായി ഏല്‍ക്കേണ്ടി വന്ന തോല്‍വി വലിയ നിരാശയാണ് നെയ്മറിലുണ്ടാക്കിയത്. മത്സരശേഷം നിറകണ്ണുകളോടെയായിരുന്നു താരം കളം വിട്ടത്. നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കുറച്ചു നാളത്തേക്ക് താരം ദേശീയ ടീമിനൊപ്പം കളിക്കില്ലെന്നും ക്ലബ്ബ് ഫുട്‌ബോളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കോപ്പാ അമേരിക്കയാണ് ബ്രസീലിന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി. 2023ല്‍ നടക്കേണ്ടിയിരുന്ന കോപ്പ 2024ലേക്ക് മാറ്റിവച്ചിട്ടുണ്ട്.
അതേസമയം ബ്രസീല്‍ ടീമിലെ സഹതാരവും പി.എസ്.ജി നായകനുമായ മാര്‍ക്വീഞ്ഞോസിനൊപ്പം തിങ്കളാഴ്ച നെയ്മര്‍ പാരിസീലെ പരിശീലന ക്യമ്പില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 29നാണ് ഫ്രഞ്ച് ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ അടുത്ത മത്സരം.
പി.എസ്.ജിയിലെ നെയ്മറിന്റെ സഹതാരങ്ങളായ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ലോകകപ്പില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണോ ഫ്രഞ്ച് ഗോളടി യന്ത്രം കിലിയന്‍ എംബാപ്പെയാണോ കിരീടം നേടുക എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയാണ് നെയ്മര്‍ നല്‍കിയത്.
ഇരുവരിലും ആര് കപ്പുയര്‍ത്തുമെന്ന് പറയുക പ്രയാസമാണെന്നും അതിന് മറുപടിയില്ലെന്നുമാണ് താരം പറഞ്ഞത്. ഞാന്‍ എന്നില്‍ തന്നെ വേരൂന്നുകയായിരുന്നെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന കാലത്ത് ദൃഢപ്പെട്ടതാണ് നെയ്മറിന് മെസിയുമായുള്ള സൗഹൃദം. രണ്ട് താരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ നെയ്മര്‍ വിസമ്മതിച്ചെങ്കിലും മെസിയുടെ അര്‍ജന്റീന കപ്പുയര്‍ത്താനാകും നെയ്മര്‍ ആഗ്രഹിക്കുക എന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
Content Highlights: Neymar is going to take a break from Brazil National team