പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ പ്രധാന താരമാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. താരം പി.എസ്.ജി വിടുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ റൂമറുകള്‍ ശക്തമാകുകയാണ്.
നെയ്മര്‍ പി.എസ്.ജി വിടുന്നത് പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തിടെ ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയെന് നല്‍കിയ അഭിമുഖത്തില്‍ പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയുടെ ചില പ്രസ്താവനകള്‍ക്ക് പിറകെയാണ് നെയ്മര്‍ ക്ലബ് വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്.
അഭിമുഖത്തില്‍ കഴിഞ്ഞ സീസണിലെ പോരായ്മകളെ കുറിച്ച് സംസാരിച്ച അല്‍-ഖലൈഫി, അടുത്ത സീസണില്‍ നെയ്മര്‍ ക്ലബിലുണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ താരങ്ങളില്‍ നിന്ന് അടുത്ത സീസണില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അല്‍-ഖലൈഫി പറഞ്ഞിരുന്നു.
എന്നാല്‍, അല്‍-ഖലൈഫിയുടെ വാക്കുകള്‍ തന്നെ ലക്ഷ്യം വെച്ചാണെന്ന് നെയ്മറിന് തോന്നിയെന്നും പി.എസ്.ജി വിടാന്‍ താരം തയ്യാറാണെന്നും ആര്‍.എം.സി സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നെയ്മറിന്റെ പ്രതിനിധി യുവന്റസുമായി ചര്‍ച്ച നടത്തി സീരീ-എ ടീമിലേക്ക് മാറാനുള്ള സാധ്യതകള്‍ തേടിയതായി എ.എസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, നെയ്മറിന്റെ വമ്പന്‍ പ്രതിഫലം താങ്ങാന്‍ യുവന്റസിന് ആവില്ല എന്നത് അത്തരമൊരു നീക്കത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
അഞ്ച് വര്‍ഷം മുന്‍പ് റെക്കോര്‍ഡ് തുകക്കായിരുന്നു നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്. പി.എസ്.ജിക്കായി ഇത് വരെ 144 മത്സരങ്ങളില്‍ കളിച്ച നെയ്മര്‍, 100 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള പ്രകടനം അദ്ദേഹം നല്‍കിയിട്ടില്ലായിരുന്നു.