| Thursday, 16th February 2023, 6:48 pm

പി.എസ്.ജി ടീമംഗങ്ങൾക്ക് എംബാപ്പെ നൽകിയ സന്ദേശം അവഗണിച്ച് നെയ്മർ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ജർമൻ ക്ലബ്‌ ബയേൺ മ്യൂണിക്കിനോട് പി.എസ്.ജി പരാജയം ഏറ്റുവാങ്ങിയിരുന്നു.പാരിസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ കിങ്സ്‌ലി കോമൻ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലായിരുന്നു ജർമൻ ക്ലബ്ബിന്റെ വിജയം.

മാർച്ച് 9ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ രണ്ട് ഗോളിന്റെയെങ്കിലും മുൻതൂക്കത്തിൽ വിജയിക്കാൻ സാധിച്ചാൽ മാത്രമേ പി.എസ്.ജിക്ക് തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവൂ.

എന്നാൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിലെ പരാജയത്തിന് ശേഷം ടീമംഗങ്ങൾക്ക് എംബാപ്പെ നൽകിയ സന്ദേശം ലംഘിക്കപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ലെ പാരീസിയനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിലെ പരാജയത്തിന് ശേഷം ടീമംഗങ്ങളോട് നന്നായി ഉറങ്ങാനും വിശ്രമിക്കാനും എംബാപ്പെ ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇത് അവഗണിച്ച് നെയ്മർ പാരിസിലെ ഹയാത്ത്‌ റീഗൻസിയിൽ പോക്കർ ഗെയിം കളിക്കാൻ പോയി എന്നാണ് ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


പോക്കർസ്റ്റാർസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ അംബാസിഡറായ നെയ്മർ പോക്കർ സ്റ്റാർസ് സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ പങ്കെടുക്കാനാണ് എംബാപ്പെയുടെ സന്ദേശം അവഗണിച്ച് പോയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ചാമ്പ്യൻസ് ലീഗിലെ മറ്റു മത്സരങ്ങളിൽ എ.സി മിലാൻ ടോട്ടൻ ഹാമിനെതിരെ എതിരില്ലാത്ത ഒരു ഗോളിനും ബെൻഫിക്ക ക്ലബ്ബ്‌ ബ്രഗ്ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തിയപ്പോൾ ചെൽസിയെ ഡോർട്മുണ്ട് എതിരില്ലാത്ത ഒറ്റ ഗോളിന് പരാജയപ്പെടുത്തി.ഫെബ്രുവരി 22ന് ലിവർപൂൾ റയലിനെതിരെയും ഫ്രാങ്ക്ഫർട്ട് നാപ്പോളിക്കെതിരെയുമാണ് ചാമ്പ്യൻസ് ലീഗിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരങ്ങൾ.

ലീഗ് വണ്ണിൽ 23 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 54 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 19ന് ലോസ്ക് ലില്ലിക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Neymar ignores Mbappe’s message to PSG teammates; Report

We use cookies to give you the best possible experience. Learn more