മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കിന് പിന്നാലെ പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ഫെബ്രുവരി 19ന് ലില്ലെക്കെതിരായ മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമാണ് നെയ്മര്‍ പരിക്കേറ്റുവീണത്.
പരിക്കിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ താരം നിലവില്‍ വിശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം താന്‍ കളിയടവ് പഠിച്ച സാന്റോസിന്റെ മത്സരം കാണാനായി നെയ്മര്‍ ഗ്രൗണ്ടിലെത്തിയിരുന്നു. കോപ്പാ സുഡാമേരിക്കാനയില്‍ ഒഡാക്‌സ് ഇറ്റാലിയാനോക്കെതിരായ മത്സരം കാണാന്‍ വേണ്ടിയായിരുന്നു താരം സ്‌റ്റേഡിയത്തിലെത്തിയത്.
മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
മത്സരത്തിന്റെ ആവേശത്തേക്കാള്‍ നെയ്മര്‍ സ്‌റ്റേഡിയത്തിലെത്തിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. എന്നാല്‍ മത്സരശേഷം നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങള്‍ ആരാധകരെ അത്യാവേശത്തിലാണ് കൊണ്ടുചെന്നെത്തിച്ചത്.
താന്‍ ഒരുപക്ഷേ സാന്റോസിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന തരത്തിലാണ് താരം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
‘സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ഇതെന്റെ സ്വന്തം വീടുപോലെയാണ്. പത്ത് വര്‍ഷത്തിന് ശേഷം ഇവിടെ മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഞാനേറെ സന്തോഷവാനാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. വിജയമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാനിവിടെ സാന്റോസിനെ പിന്തുണക്കാനും ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങാനുമാണ് എത്തിയത്.
എനിക്കെല്ലാം നല്‍കിയത് ഈ ക്ലബ്ബാണ്. ഈ ക്ലബ്ബാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി വാതില്‍ തുറന്നിട്ടത്. എന്നെ ലോകത്തിന് മുമ്പില്‍ കാണിച്ചതും ഇതേ സാന്റോസ് തന്നെയാണ്,’നെയ്മര്‍ പറഞ്ഞു.
സ്റ്റേഡിയം വിടുന്നതിനിടെ താന്‍ സാന്റോസിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെയ്മര്‍ പറഞ്ഞു. ‘ഒരിക്കല്‍ ഞാന്‍തിരിച്ചുവരും. ഉടന്‍ തന്നെ ഞാന്‍ വരും,’ എന്നായിരുന്നു നെയ്മര്‍ പറഞ്ഞത്.
അതേസമയം, നെയ്മറിന്റെ അഭാവത്തില്‍ കുറേയേറെ മത്സരങ്ങള്‍ പി.എസ്.ജി പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നുള്ള പുറത്താവലും ലീഗ് വണ്ണിലെ തോല്‍വികളും പി.എസ്.ജിക്ക് തിരിച്ചടിയായിരുന്നു.
എന്നാല്‍ പി.എസ്.ജി വിജയപാതയിലേക്കുള്ള മടങ്ങി വരവിലാണ്. ലെന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം.
Content Highlight: Neymar has hinted that he will return to Santos