മെസിയെയും റോണോയെയും പിന്നിലാക്കി നെയ്മര്‍; റെക്കോഡിട്ടത് അന്താരാഷ്ട്ര മത്സരങ്ങളില്‍
Football
മെസിയെയും റോണോയെയും പിന്നിലാക്കി നെയ്മര്‍; റെക്കോഡിട്ടത് അന്താരാഷ്ട്ര മത്സരങ്ങളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th October 2023, 12:43 pm

ദേശീയ ടീമില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിനായി റോണോ 203 മത്സരങ്ങളില്‍ നിന്ന് 127 ഗോളും 45 അസിസ്റ്റുകളും അക്കൗണ്ടിലാക്കിയപ്പോള്‍ അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 178 മത്സരങ്ങളില്‍ നിന്ന് 106 ഗോളും 56 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ റേഷ്യോ പരിശോധിക്കുമ്പോള്‍ ഇരുവരും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെക്കാള്‍ പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രസീലിനായി 128 മത്സരങ്ങളില്‍ കളിച്ച് 79 ഗോളും 59 അസിസ്റ്റും അക്കൗണ്ടിലാക്കുമ്പോള്‍ 1.07 ആണ് താരത്തിന്റെ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നിരക്ക്. ഇത് ക്രിസ്റ്റിയാനോയ്ക്ക് 0.84ഉം മെസിയുടേത് 0.91ഉം ആണ്.

പലപ്പോഴും പരിക്കുകളെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതിനാല്‍ തന്നെ കുറഞ്ഞ മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടുകെട്ടാന്‍ സാധിച്ചത്. എന്നാല്‍ പ്രതിസന്ധികളെ മറികടന്നുകൊണ്ട് താരത്തിന് ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചിരുന്നു. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന് പെലെയുടെ റെക്കോഡാണ് നെയ്മര്‍ മറികടന്നത്.

അതേസമയം, വേള്‍ഡ് കപ്പ് ക്വാളിഫയേഴ്സില്‍ ഉറുഗ്വേക്കെതിരെ നടന്ന മത്സരത്തില്‍ നെയ്മര്‍ പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 46ാം മിനിട്ടിലാണ് താരത്തിന് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്.

ഉടന്‍ തന്നെ താരത്തെ സ്ട്രക്ച്ചറില്‍ കളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചു. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Neymar has better G/A contribution ratio for the national team than Messi and Cristiano Ronaldo