ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ടാണ് സൗദി പ്രോ ലീഗ് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി തങ്ങളുടെ മണ്ണിലെത്തിച്ചിരിക്കുന്നത്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെയാണ് സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഹിലാല്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ലീഗ് വണ്‍ ജയന്റ്‌സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു.
കഴിഞ്ഞ ദിവസമാണ് താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്.
എന്നാല്‍ അല്‍ ഹിലാല്‍ ജേഴ്‌സിയില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് ചെറിയ പരിക്കുകള്‍ ഉണ്ടെന്നും അതുകൊണ്ട് ടീമിനൊപ്പം പരിശീലനം നടത്താന്‍ സാധിച്ചിട്ടില്ലെന്നും അല്‍ ഹിലാല്‍ പരിശീലകന്‍ ഹോര്‍ഗെ ജീസസ് പറഞ്ഞിരുന്നു.
2026 ലോകകപ്പിന്റെ യോഗ്യത മത്സരത്തിന് ബ്രസീല്‍ ദേശീയ ടീം നെയ്മറെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഹോര്‍ഗെ ജീസസ് നെയ്മറിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് പറഞ്ഞത്.
‘എല്ലാ കഴിവുകളുമുള്ള താരമാണ് നെയ്മര്‍. അദ്ദേഹത്തിന് എല്ലാം ചെയ്യാന്‍ സാധിക്കും. നെയ്മര്‍ ചെറിയ പരിക്കുകളോടെയാണ് എത്തിയിരിക്കുന്നത്. നിലവില്‍ താരത്തിന് ടീമിനൊപ്പം പരിശീലിക്കാന്‍ സാധിക്കില്ല.
എനിക്കറിയില്ല ബ്രസീല്‍ എന്തിനാണ് അദ്ദേഹത്തെ വിളിച്ചതെന്ന്. അവര്‍ അദ്ദേഹത്തെ ബ്രസീലിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതായിരിക്കും. നെയ്മര്‍ക്കിപ്പോള്‍ കളിക്കാന്‍ സാധിക്കില്ല. കളിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് മസില്‍ ഇഞ്ച്വറിയില്‍ നിന്ന് മുക്തനാകേണ്ടതുണ്ട്,’ ഹോര്‍ഗെ ജീസസ് പറഞ്ഞു.
അതേസമയം, ബ്രസീലിയന്‍ മെന്‍സ് സോക്കര്‍ ടീമിന്റെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നെയ്മറിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒരു ലോക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 28ന് അല്‍ ഇത്തിഫാഖിനെതിരായ മത്സരത്തില്‍ നെയ്മര്‍ അല്‍ ഹിലാല്‍ അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Neymar got injured says Al Hilal coach