| Saturday, 27th May 2023, 10:51 pm

മെസിയെ പോലെ പി.എസ്.ജി വിടാന്‍ നിര്‍ദേശം; നെയ്മര്‍ക്ക് ആഴ്‌സണലിലേക്ക് ക്ഷണം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഈ സീസണിലെ മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ നെയ്മര്‍ സ്വന്തം നാട്ടില്‍ ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് ഒരു കൂട്ടം പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ചിരുന്നു.

വിഷയത്തില്‍ മുന്‍ ആഴ്‌സണല്‍ താരം ഗില്‍ബേര്‍ട്ടോ സില്‍വയുടെ പ്രതികരണം ശ്രദ്ധനേടുകയാണിപ്പോള്‍. നെയ്മര്‍ ഒത്തിരി കഴിവുകള്‍ ഉള്ളയാളാണെന്നും പി.എസ്.ജിയില്‍ ഇങ്ങനെ കഴിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്മര്‍ ആഴ്‌സണലില്‍ കളിക്കണമെന്നും അവിടെ അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാനാകുമെന്നും സില്‍വ പറഞ്ഞു. കാസിനോ സൈറ്റിനോടായിരുന്നു സില്‍വയുടെ പ്രതികരണം.

‘നെയ്മറെ സംബന്ധിച്ചിടത്തോളം വളരെ വിചിത്രമായ സാഹചര്യത്തിലൂടെയാണ് പി.എസ്.ജി പൊയ്‌ക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടുമുന്നില്‍ പോയി പ്രശ്‌നമുണ്ടാക്കുക? എനിക്കതിനോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല. ആരാധകര്‍ക്ക് ഒരു കളിക്കാരന്റെയും വീട്ടില്‍ പോയി പ്രതിഷേധിക്കാനുള്ള അധികാരമില്ല.

എല്ലാവര്‍ക്കും നെയ്മറുടെ നിലവാരം അറിയാം. ഞാന്‍ അതിനെ പറ്റി സംസാരിക്കുന്നില്ല. എനിക്കദ്ദേഹത്തിന്റെ കളി ശൈലി ഇഷ്ടമാണ്. അദ്ദേഹം ആഴ്‌സണലിലേക്ക് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ഫുട്‌ബോളില്‍ ഇനിയുമൊരുപാട് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ട്,’ സില്‍വ പറഞ്ഞു.

അദ്ദേഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പരിക്കുകളുടെ പ്രശ്‌നങ്ങള്‍ ജീവിതം കൂടുതല്‍ കഠിനമാക്കുന്നുണ്ടാകുമെന്നും പക്ഷെ ഫുട്‌ബോളില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് നെയ്മറെന്നും സില്‍വ പറഞ്ഞു.

അതേസമയം, പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2017ലാണ് 222 മില്യണിന്റെ ഉയര്‍ന്ന വേതനം നല്‍കി നെയ്മറെ ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പാരീസിയന്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും 77 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

Content Highlights: Neymar gets invitation to play with Arsenal

We use cookies to give you the best possible experience. Learn more