ലീഗ് വണ്ണില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്ട്രോസ്ബര്‍ഗിനെയാണ്
പി.എസ്.ജി നേരിട്ടത്. നെയ്മര്‍, എംബാപ്പെ മുതലായ സൂപ്പര്‍ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയിട്ടും പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമായിരുന്നു സ്ട്രോസ്ബര്‍ഗ് പുറത്തെടുത്തത്.
മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. ഒരു മിനിട്ടിനിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായതോടെ മത്സരത്തില്‍ മുപ്പത് മിനിട്ടിലധികം പി.എസ്.ജി പത്ത് പേരുമായാണ് കളിച്ചത്.
അറുപത്തിയൊന്നാം മിനിട്ടില്‍ ഒരു ഫൗളിന് മഞ്ഞക്കാര്‍ഡ് ലഭിച്ച നെയ്മര്‍ അതിനു തൊട്ട് പിന്നാലെ ബോക്സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ‘അനാവശ്യമായി’
ഡൈവ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് റഫറി അടുത്ത മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കി താരത്തെ പുറത്താക്കി. റഫറിയോട് മോശമായി പെരുമാറിക്കൊണ്ടാണ് നെയ്മര്‍ മൈതാനം വിട്ടത്.
ഇതോടെ 2023ലെ ആദ്യ മത്സരം തന്നെ താരത്തിന് പുറത്തിരിക്കേണ്ടിവരും. പി.എസ്.ജിയില്‍ ചേര്‍ന്നതിന് ശേഷമുള്ള നെയ്മറിന്റെ അഞ്ചാമത്തെ ചുവപ്പ് കാര്‍ഡാണിത്. 2017-2018 സീസണിന് ശേഷം നെയ്മറല്ലാതെ മറ്റൊരു കളിക്കാരനും ഫ്രഞ്ച് ലീഗില്‍ ഇതില്‍ കൂടുതല്‍ തവണ പുറത്തുപോകേണ്ടിവന്നിട്ടില്ല.
2017ല്‍ 222 മില്യണ്‍ യൂറോ എന്ന ലോക റെക്കോര്‍ഡ് തുകയ്ക്കാണ് താരം പി.എസ്.ജിയില്‍ എത്തുന്നത്.
പെനാല്‍ട്ടി ലഭിക്കാനായി മുമ്പും ബോക്‌സിനുള്ളില്‍ അനാവശ്യമായി നെയ്മര്‍ വീണത് ഇതിനുമുമ്പും വിവാദമായിരുന്നു. 2018ലെ റഷ്യ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍
ബ്രസീലിനായി കളിക്കുമ്പോള്‍ കോസ്റ്റാറിക്കെതിരായ ഒരു മത്സരത്തില്‍ ഇതുപോലെ നെയ്മര്‍ ബോക്‌സില്‍ വീഴുകയും, തുടര്‍ന്ന് റഫറി പെനാല്‍ട്ടി അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് തീരുമാനം വാറി(വീഡിയോ അസിസ്റ്റന്റ് റഫറി)ലേക്ക് വിട്ടതോടെ താരം ഫൗള്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് റഫറിക്ക് ബോധ്യപ്പെടുകയും, പെനാല്‍ട്ടി നിരസിക്കുയും ചെയ്തിരുന്നു.
അതേസമയം, 2-1 നാണ് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ പി.എസ്.ജി വിജയിച്ചത്. മത്സരം 14 മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ ബ്രസീലിയന്‍ പ്രതിരോധതാരം മാര്‍ക്കീന്യോസിന്റെ ഗോളില്‍ പി.എസ്.ജി മുന്നിലെത്തിയെങ്കിലും അതേ മാര്‍ക്കീന്യോസിന്റെ സെല്‍ഫ് ഗോള്‍ മത്സരം 51 മിനിട്ട് പിന്നിട്ടപ്പോള്‍ സ്ട്രോസ്ബര്‍ഗിന് സമനില നേടിക്കൊടുത്തു.
കളിയുടെ അവസാന നിമിഷം മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം എംബാപ്പെയുടെ പെനാല്‍ട്ടി ഗോളിലാണ് പി.എസ്.ജി മത്സരം വിജയിച്ചത്.
Content Highlight: Neymar fell in the penalty box in two time itself