Football
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് തകര്‍ക്കാനൊരുങ്ങി നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 17, 05:46 pm
Thursday, 17th November 2022, 11:16 pm

ഖത്തര്‍ ലോകകപ്പിലൂടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തകര്‍ക്കാനിരിക്കുന്നത് മുന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലയെുടെ റെക്കോഡ്. അന്താരാഷ്ട്ര ഫുട്ബോളില്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പെലെയുടെ റെക്കോഡിലേക്കെത്താന്‍ നെയ്മറിന് ഇനി രണ്ട് ഗോളുകള്‍ മാത്രമാണ് ദൂരം.

നിലവില്‍ 121 മത്സരങ്ങളില്‍ നിന്ന് 75 ഗോളുകളാണ് നെയ്മറുടെ അക്കൗണ്ടിലുള്ളത്. തന്റെ കരിയറില്‍ 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടിയ പെലെയാണ് ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്.

ബ്രസീലിനായി 70 ഗോളുകള്‍ കടന്ന രണ്ട് താരങ്ങള്‍ പെലെയും നെയ്മറും മാത്രമാണ്. റൊണാള്‍ഡോയും റൊമാരിയോയും യഥാക്രമം 62ഉം 56ഉം ഗോളുകളാണ് നേടിയത്. ഇതിഹാസതാരം സിക്കോ 48 ഗോളുമായി അഞ്ചാം സ്ഥാനത്താണ്.

ബ്രസീല്‍ ദേശീയ ടീമിനായി 30ലധികം ഗോളുകള്‍ നേടിയ താരങ്ങളില്‍ റൊണാള്‍ഡീഞ്ഞോയെയും റിവാള്‍ഡോയെയും ഉള്‍പ്പെടുന്നു.

അതേസമയം ലോകകപ്പിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബ്രസീല്‍. വേള്‍ഡ് കപ്പില്‍ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ തങ്ങളുടെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.

സൂപ്പര്‍ താരങ്ങളായ തിയാഗോ സില്‍വ, കാസിമെറോ, നെയ്മര്‍ തുടങ്ങിയ കരുത്തര്‍ അടങ്ങുന്നതാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ പട. ഈ സീസണില്‍ മികച്ച ഫോം കാഴ്ചവെക്കുന്ന നെയ്മറില്‍ വലിയ പ്രതീക്ഷയാണ് ബ്രസീല്‍ ചെലുത്തുന്നത്.

അഞ്ച് തവണ ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. നവംബര്‍ 28നും ഡിസംബര്‍ 3നും ഗ്രൂപ്പ് ജിയിലെ മറ്റ് എതിരാളികളായ സ്വിറ്റ്സര്‍ലാന്‍ഡിനെയും കാമറൂണിനെയും ബ്രസീല്‍ നേരിടും.

Content Highlights: Neymar desperate to break Pele’s goal record at Qatar