വിലകുറച്ച് കാണുന്നവരോട്; ലീഗ് വണ്ണിനെക്കാള്‍ മികച്ചത് സൗദി ലീഗ്: നെയ്മര്‍
Football
വിലകുറച്ച് കാണുന്നവരോട്; ലീഗ് വണ്ണിനെക്കാള്‍ മികച്ചത് സൗദി ലീഗ്: നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 08, 11:37 am
Friday, 8th September 2023, 5:07 pm

സൗദി പ്രോ ലീഗ് ഫ്രാന്‍സിന്റെ ലീഗ് വണ്ണിനെക്കാള്‍ മികച്ചതാകുമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് കഴിഞ്ഞ മാസമാണ് നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലുമായി സൈന്‍ ചെയ്തത്. 2026 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നെയ്മര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘സൗദിയെ വിലകുറച്ച് കാണാന്‍ ശ്രമിക്കുന്നവര്‍ ഉടന്‍ തന്നെ ഈ ലീഗ് പിന്തുടരാന്‍ തുടങ്ങും. ഞാന്‍ അവരോട് പറയുന്നു, സൗദി ശക്തമായ ലീഗാണ്. സൗദിയില്‍ സൈനിങ് നടത്തിയ താരങ്ങളുടെ പേരുകള്‍ നോക്കൂ. ലീഗ് വണ്ണിനെക്കാള്‍ മികച്ചതാകും സൗദി പ്രോ ലീഗ്,’ നെയ്മര്‍ പറഞ്ഞു.

അതേസമയം, 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നെയ്മര്‍ കളിച്ചേക്കില്ല. വലത് കണങ്കാലിന് പരിക്കേറ്റതിനാല്‍ ബ്രസീലിനായി കളിക്കാന്‍ താന്‍ പൂര്‍ണ യോഗ്യനല്ലെന്ന് നെയ്മര്‍ അറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് ബൊളീവിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനുശേഷം 13ന് പെറുവിനെയും നേരിടും.

ബ്രസീലിന്റെ മഞ്ഞ കുപ്പായം ധരിക്കുന്നത് സന്തോഷത്തോടെ തുടരുമെന്നും അത് വലിയ മൂല്യത്തോടെയാണ് കാണുന്നതെന്നും നെയ്മര്‍ പറഞ്ഞു. ദേശീയ ടീമിനായി ഒരു ഗോള്‍ കൂടി നേടാനായാല്‍ ബ്രസീല്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറാന്‍ നെയ്മറിന് സാധിക്കും.

സൗദി പ്രോ ലീഗ് നേടുന്നത് എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും മറ്റ് ടീമുകളെല്ലാം കൂടുതല്‍ ശക്തരാണെന്നും നെയ്മര്‍ പറഞ്ഞു.

Content Highlights: Neymar compares Saudi pro league with Ligue 1