ബ്രസീലിനായി ലോകകപ്പ് നേടാതെ പ്രശസ്തിയാര്‍ജിച്ച താരമുണ്ട്; എന്റെ കാര്യവും അങ്ങനെയാണ്: നെയ്മര്‍
ബ്രസീല്‍ ദേശീയ ടീമിനൊപ്പം ഫിഫ ലോകകപ്പ് നേടുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് നെയ്മര്‍. രാജ്യത്തിനായി ഒരു ലോകകപ്പ് ഉയര്‍ത്താനായില്ലെങ്കില്‍ അതൊരു കളിക്കാരനെ ഇല്ലാതാക്കില്ലെന്നും നെയ്മര്‍ പറഞ്ഞു. യു.ഒ.എല്ലിന് നെയ്മര്‍ നേരത്ത നല്‍കിയ അഭിമുഖത്തിലെ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
അഭിമുഖത്തില്‍ മുന്‍ ബ്രസീല്‍ സൂപ്പര്‍ താരവും പരിശീലകനുമായ സീക്കോയുമായി തന്നെ സാമ്യപ്പെടുത്തി നെയ്മര്‍ സംസാരിച്ചിരുന്നു.
ബ്രസീല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സീക്കോയ്ക്ക് ഒരു ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിലവാരത്തിനും പ്രശസ്തിക്കും കോട്ടം സംഭവിച്ചിട്ടില്ലെന്നും നെയ്മര്‍ പറഞ്ഞു.
‘എന്റെ ഏറ്റവും വലിയ സ്വപ്നം എനിക്ക് നേടാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്തുക എന്നതാണ് അത്. ചിലപ്പോള്‍ അത് നടന്നില്ലെന്നും വരാം. എന്നാലും ബ്രസീലില്‍ ഒരു മഹത് വ്യക്തിയുണ്ട്.
ഞങ്ങളെല്ലാം ഒരുപാട് ആരാധിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ പേരുകേട്ട താരമാണ് സിക്കോ. അദ്ദേഹത്തിന് ഒരു വേള്‍ഡ് കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല. അതൊരിക്കലും അദ്ദേഹത്തിന്റെ നിലവാരത്തേയോ കഴിവിനേയോ ബാധിച്ചിട്ടില്ല. എന്റെ കാര്യവും എനിക്കങ്ങനെയാണ് തോന്നുന്നത്,’ നെയ്മര്‍ പറഞ്ഞു.
ബ്രസീല്‍ ദേശീയ ടീമിനൊപ്പം മൂന്ന് വേള്‍ഡ് കപ്പിലാണ് നെയ്മര്‍ ബൂട്ട് കെട്ടിയിട്ടുള്ളത്. ഓരോ ടൂര്‍ണമെന്റിന്റെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.
അതേസമയം, വേള്‍ഡ് കപ്പ് ക്വാളിഫയേഴ്‌സില്‍ ഉറുഗ്വേക്കെതിരെ നടന്ന മത്സരത്തില്‍ നെയ്മര്‍ പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 46ാം മിനിട്ടിലാണ് താരത്തിന് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്.
ഉടന്‍ തന്നെ താരത്തെ സ്ട്രക്ച്ചറില്‍ കളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് താരം ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. നെയ്മര്‍ക്ക് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Neymar compares himself with Zico