| Tuesday, 13th December 2022, 10:18 pm

തന്നെക്കാൾ മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് നെയ്മർ; പട്ടികയിൽ റൊണാൾഡോയില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മറും സംഘവും മടങ്ങിയത്. കിരീട ഫേവറിറ്റുകളായ കാനറിപ്പടകൾ ക്വാർട്ടറിൽ ക്രൊയേഷ്യയോട് പരാജയപ്പെടുകയായിരുന്നു. ഇനിയൊരു ലോകകപ്പിനുണ്ടാകുമോ എന്ന പ്രതീക്ഷ പോലുമില്ലാതെ കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്.

ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം താരം ടീമിലെ ഓരോ അം​ഗത്തെയും പരിശീലകൻ ടിറ്റെയെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നു.

ഇപ്പോൾ തന്നെക്കാൽ മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് രം​ഗത്തെത്തിയിരിക്കുകയാണ് നെയ്മർ. എന്നാൽ താരങ്ങളുടെ കൂട്ടത്തിൽ പോർച്ചു​ഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തത് ശ്രദ്ധേയമായിരിക്കുകയാണ്.

തന്നേക്കാൾ സാങ്കേതിക തികവുള്ള കളിക്കാരെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ‌ പെട്ടെന്ന് സാധിക്കില്ല. എല്ലാ എളിമയോടെ പറയട്ടെ, ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള നിലവിലെ കളിക്കാരിൽ ഒരാളായാണ് ഞാൻ എന്നെ കരുതുന്നത്, നെയ്മർ പറഞ്ഞു.

നെയ്മറിന്റെ ആദ്യ ചോയിസ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ആണ്. മെസി ലോകത്തിലെ ഏറ്റവും കൂടുതൽ സാങ്കേതിക തികവുള്ള കളിക്കാരനാണെന്നും തന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനം മെസിക്കാണെന്നും നെയ്മർ പറഞ്ഞു.

മെസിക്കെതിരെ കളിക്കാൻ സാധിക്കുന്നത് വലിയ കാര്യമാണെന്നും എല്ലാ ക്ലബ്ബുകളും എല്ലാ കളിക്കാരും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും നെയ്മർ കൂട്ടിച്ചേർത്തു.

ബെൽജിയത്തിന്റെ ഈഡൻ ഹസാർഡ് ആണ് നെയ്മറിന്റെ പട്ടികയിലെ രണ്ടാമത്തെ താരം. പരിക്കിനെ തുടർന്ന് റയൽ മാഡ്രിഡിൽ മികച്ച ഫോമിൽ‌ തുടരാൻ കഴിയാതിരുന്ന ഹസാർഡ്, ഖത്തർ ലോകകപ്പിൽ ബെൽജിയത്തിന്റെ ക്യാപ്റ്റൻ ആയിരുന്നു.

ഗ്രൂപ്പ് ഘട്ടം കടക്കാതെ ബെൽജിയം പുറത്തായതോടെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് ഹസാർഡ് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.

ബെൽജിയം താരമായ കെവിൻ ഡി ബ്രൂയിൻ, ഇറ്റലിയുടെ മാർക്കൊ വെരാറ്റി എന്നിവരെയും നെയ്മർ തെരഞ്ഞെടുത്തു. അ‍ഞ്ചാമതായി ബ്രസീലിയൻ വംശജനായ സ്പാനിഷ് താരം തിയാഗൊ അൽകാന്ദ്രയെയാണ് നെയ്മർ തെരഞ്ഞെടുത്തത്.

ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയ നെയ്മർ പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പിൽ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനിടെ കാൽക്കുഴക്ക് പരിക്കേറ്റ നെയ്മർ തുടർന്ന് പ്രീ ക്വാർട്ടറിലാണ് ഇറങ്ങിയത്.

പ്രീക്വാർട്ടറിൽ പെനാൽട്ടിയിലൂടെയും ക്വാർട്ടറിൽ സോളോ റണ്ണിലൂടെയും താരം ഗോൾ നേടിയിരുന്നു. ക്വാർട്ടർ ഫൈനലിൽ നേടിയ ഗോളോടെ ബ്രസീൽ ഇതിഹാസം പെലെക്കൊപ്പവും നെയ്മറിന്റെ റെക്കോഡ് എത്തി.

Content Highlights: Neymar chooses best fiver players

We use cookies to give you the best possible experience. Learn more