ലീഗ് വണ്ണില്‍ പി.എസ്.ജി അവരുടെ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ടൗലൂസിനെതിരെയായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ വിജയം. മൂന്ന് ഗോളിനായിരുന്നു പി.എസ്.ജി വിജയം സ്വന്തമാക്കിയത്.
പി.എസ്.ജിക്കായി കിലിയന്‍ എംബാപെ നെയ്മര്‍ ജുവാന്‍ ബെര്‍നാറ്റ് എന്നിവര്‍ ഗോള്‍ നേടി. ലയണല്‍ മെസിയുടെ അസിസ്റ്റില്‍ 37ാം മിനിട്ടിലായിരുന്നു നെയ്മര്‍ ഗോളടിച്ചത്. ഈ ഗോളോടുകൂടി പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് നെയ്മര്‍.
രാജ്യത്തിനും ക്ലബ്ബിനുമായി തുടര്‍ച്ചയായി 16 മത്സരത്തില്‍ ഗോളിനായി സംഭാവന ചെയ്തു എന്ന റെക്കോഡാണ് അദ്ദേഹം പുതുതായി സൃഷ്ടിച്ചത്. മെസിയും റോണോയും തുടര്‍ച്ചയായി 15 കളിയിലാണ് ഗോളിനായി സംഭാവന ചെയ്തത്.
കഴിഞ്ഞ സീസണില്‍ വളരെ മോശം ഫോമിലായിരുന്നു നെയ്മര്‍ കളിച്ചത്. അദ്ദേഹത്തെ പി.എസ്.ജി ഒഴിവാക്കണമെന്നും കരിയര്‍ അവസാനിച്ചുവെന്നും ഒരുപാട് പേര്‍ മുദ്രകുത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നാണ് അദ്ദേഹം ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുവന്നത്.
ആ സീസണില്‍ എല്ലാ ലീഗിലുമായി ആറ് മത്സരത്തില്‍ നിന്നും ഒമ്പത് ഗോളും ആറ് അസിസ്റ്റുമായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ബ്രസീല്‍ ലോകകപ്പും പി.എസ്.ജി യു.സി.എല്ലും നോട്ടമിട്ട് കളിക്കുന്ന സാഹചര്യത്തില്‍ നെയ്മറിന്റെ മികച്ച ഫോം ഇരു ടീമുകള്‍ക്കും ഉപകാരപ്പെടും.
സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.ജി പ്രസിഡന്റ് നെയ്മറിന്റെ പ്രകടനത്തില്‍ ഇമ്പ്രസ്ഡ് അല്ലെന്ന് പറഞ്ഞിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം പി.എസ്.ജി വിടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫോമില്‍ അദ്ദേഹം മെസിയും എംബാപെയുമായി ടീമില്‍ തുടരണമെന്നാണ് പി.എസ്.ജി ആഗ്രഹിക്കുന്നത്.