| Saturday, 9th September 2023, 11:17 am

ആ റെക്കോഡ് ഇനി നെയ്മര്‍ക്ക് സ്വന്തം; ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ റെക്കോഡ് തകര്‍ത്ത് സുല്‍ത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് 2026ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ബൊളീവിയയുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചിരുന്നു. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി തിളങ്ങാന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് സാധിച്ചിരുന്നു.

നെയ്മര്‍ക്ക് പുറമെ റോഡ്രിഗോയും ഇരട്ട ഗോളുകള്‍ നേടി. റഫീഞ്ഞയുടേതായിരുന്നു ബ്രസീല്‍ അക്കൗണ്ടിലാക്കിയ അഞ്ച് ഗോളുകളിലൊന്ന്. അതേസമയം വിക്ടര്‍ അബ്രെഗോയാണ് ബൊളീവിയക്കായി ആശ്വാസ ഗോള്‍ നേടിയത്.

ഈ മത്സരത്തിലെ പ്രകടനത്തോടെ ബ്രസീലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പേരിലുള്ള റെക്കോഡ് നെയ്മര്‍ മറികടന്നു. മത്സരത്തിന്റെ 61ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ നെയ്മറുടെ ഗോള്‍ നേട്ടം 78 ആയി ഉയര്‍ന്നു. 77 ഗോളുകളാണ് ബ്രസീല്‍ ഇതിഹാസം പെലെയുടെ പേരിലുള്ളത്.

ഇഞ്ച്വറി ടൈമിലും ഗോളടിച്ചതോടെ നെയ്മറിന്റ പേരിലുള്ള ഗോളുകളുടെ ആകെ എണ്ണം 79 ആയി. റൊണാള്‍ഡോ നസാരിയോയാണ് 62 ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. 55 ഗോളുകള്‍ നേടിയ റൊമാരിയോ, 48 ഗോളുകളുമായി സിക്കോ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. മൂന്ന് പോയിന്റാണ് ടീമിനുള്ളത്. ഉറുഗ്വേ, അര്‍ജന്റീന, കൊളംബിയ എന്നീ ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതം ഉണ്ടെങ്കിലും ഗോള്‍ അടിസ്ഥാനത്തിലാണ് ബ്രസീല്‍ ഒന്നാമതെത്തിയത്.

Content Highlights: Neymar breaks Pele’s record

We use cookies to give you the best possible experience. Learn more