മോസ്‌കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്സിക്കോയെ നേരിടുന്ന ബ്രസീലിന് തിരിച്ചടി. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട നായകന്‍ മാര്‍സലോ ഇന്ന് കളിക്കില്ല.
മാര്‍സലോയുടെ അഭാവത്തില്‍ ഫിലിപ്പെ ലൂയിസ് പകരക്കാരനായി തുടരും. വിങുകളിലൂടെ അതിവേഗ മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രാപ്തനായ മാര്‍സലോയുടെ അഭാവം നിര്‍ണായക മത്സരത്തില്‍ ബ്രസീലിയന്‍ മുന്നേറ്റത്തില്‍ നിഴലിച്ചേക്കും. പരിക്ക് ഭേദമായ യുവതാരം ഡാനിലോ ഇന്ന് ആദ്യ ഇലവനില്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്.
സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ എല്ലാ കണ്ണുകളും നെയ്മര്‍ എന്ന താരത്തിലാണ്. ബ്രസീലിന്റെ പ്രതീക്ഷകളത്രയും നെഞ്ചേറ്റുന്ന നെയ്മര്‍ കൂടി പുറത്താകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജര്‍മനിയെ കീഴടക്കിയ മെക്‌സിക്കോ ബ്രസീലിനും ചങ്കിടിപ്പാണ് നല്‍കുന്നത്. രാത്രി 7.30 നാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം.