| Sunday, 8th September 2024, 3:58 pm

ഇനിയുമെത്ര നാൾ കാത്തിരിക്കണം? ബ്രസീലിന് കനത്ത തിരിച്ചടി; ആരാധകർക്ക് നിരാശ

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കളിക്കളത്തിലേക്ക് വൈകാതെ തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഇനിയും രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫിസിക്കല്‍ ടെസ്റ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം പരാജയപ്പെട്ടുവെന്നാണ് വിവരങ്ങള്‍.

കഴിഞ്ഞ വര്‍ഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രമേ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചുള്ളൂ.

അല്‍ ഹിലാല്‍ നെയ്മറിനെ ഈ സീസണില്‍ ടീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. സൗദി പ്രോ ലീഗിലെ നിയമപ്രകാരം ഒരു ക്ലബ്ബിന് പത്ത് വിദേശ താരങ്ങളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. ഇപ്പോള്‍ നെയ്മര്‍ പരിക്ക് മാറി ടീമിനൊപ്പം വീണ്ടും കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതെങ്കിലും ഒരു താരത്തെ അല്‍ ഹിലാല്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

ഇപ്പോള്‍ നെയ്മര്‍ വീണ്ടും രണ്ട് മാസത്തോളം ഫുട്‌ബോളില്‍ നിന്നും പുറത്താവുമെന്ന സാഹചര്യത്തില്‍ അല്‍ ഹിലാല്‍ ഈ നീക്കത്തിന് തയ്യാറാവുമോ എന്നതും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ സൗദി ചാമ്പ്യന്‍മാരാവാന്‍ അല്‍ ഹിലാലിന് സാധിച്ചിരുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സൗദി സൂപ്പര്‍ കപ്പും അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. അല്‍ നസറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്.

അതേസമയം 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തി ബ്രസീല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ബ്രസീലിനായി ഗോള്‍ നേടിയത് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം റോഡ്രിഗോ ആയിരുന്നു.

നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി പത്തു പോയിന്റോടെ നാലാം സ്ഥാനത്താണ് ബ്രസീല്‍. സെപ്റ്റംബര്‍ 11ന് പരാഗ്വയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

Content Highlight: Neymar Are Big Setback in Football

We use cookies to give you the best possible experience. Learn more