മത്സരത്തിൽ നാണംകെട്ട തോൽവി; പരസ്പരം പോരടിച്ച് നെയ്മറും ക്ലബ്ബ് എക്‌സിക്യൂട്ടീവും; റിപ്പോർട്ട്
football news
മത്സരത്തിൽ നാണംകെട്ട തോൽവി; പരസ്പരം പോരടിച്ച് നെയ്മറും ക്ലബ്ബ് എക്‌സിക്യൂട്ടീവും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th February 2023, 7:46 pm

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെ പി.എസ്.ജിക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വരികയാണ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ വഴങ്ങിയായിരുന്നു ഫ്രഞ്ച് ക്ലബ്ബ് പരാജയപ്പെട്ടത്.

കളിയുടെ തുടക്കത്തിൽ തന്നെ അലക്സാണ്ടർ ഗൊലോവിൻ നേടിയ ഒരു ഗോളിൽ ഫ്രഞ്ച് ക്ലബ്ബിനെ വിറപ്പിച്ച മൊണോക്കോ, വിസാം ബെൻ യെഡറുടെ ഗോളിൽ മത്സരം തുടങ്ങി ഇരുപത് മിനിറ്റെത്തുന്നതിന് മുമ്പേ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു.

തുടർന്ന് മത്സരം 39 മിനിട്ട് പിന്നിട്ടപ്പോൾ എംറിയിലൂടെ പി.എസ്. ജി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും വിസാം ബെൻ യെഡറുടെ രണ്ടാം ഗോളിൽ മൊണോക്കോ പി.എസ്.ജിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുകയായിരുന്നു.

എംബാപ്പെയും, മെസിയും പരിക്ക് മൂലം കളിക്കാതിരുന്ന മത്സരത്തിൽ റാമോസ്, ഹക്കീമി അടക്കമുള്ള താരങ്ങളും കളിച്ചിരുന്നില്ല.
എന്നാൽ പി.എസ്.ജി പിറകിലായതോടെ ആദ്യ പകുതിയുടെ ഇടവേളയിൽ ക്ലബ്ബിന്റെ ഡ്രെസിങ്‌ റൂമിൽ നെയ്മറും പി.എസ്.ജി എക്സിക്യൂട്ടീവ് ലൂയിസ് കാമ്പോസും വാക്കുതർക്കത്തിൽ ഏർപ്പെട്ടു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നത്.

എൽ എക്യുപ്പെ, ഒൺസെ മോൺഡിയൽ എന്നീ ഫ്രഞ്ച് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒട്ടും ആക്രമണോത്സുകത  കാണിക്കാതെയാണ് ടീം കളിക്കുന്നതെന്നും ടീമിന്റെ മനോഭാവത്തിൽ ഉടൻ മാറ്റം വരുത്തണമെന്നുമായിരുന്നു ഡ്രെസിങ്‌ റൂമിൽ വെച്ച് ലൂയിസ് കാമ്പോസ് അഭിപ്രായപ്പെട്ടത്.

എന്നാൽ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നെയ്മർ കാമ്പോസിനെതിരെ വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും മാർക്കീന്യോസും നെയ്മറീ അനുകൂലിച്ച് രംഗത്തെത്തിയെന്നുമാണ് എൽ എക്യുപ്പെയുടെ റിപ്പോർട്ടിൽ പറയുന്നത്.

എക്സിക്യൂട്ടീവുമായുള്ള തർക്കം നെയ്മറുടെ ക്ലബ്ബിലെ ഭാവിയെ ഏത് തരത്തിൽ ബാധിക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കിക്കാണുന്നത്.

പരിക്കും താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും കൊണ്ട് കഷ്ടപ്പെടുന്ന ക്ലബ്ബിന് വലിയ തിരിച്ചടിയാകും താരങ്ങളും ക്ലബ്ബ് ഒഫിഷ്യൽസും തമ്മിലുള്ള തർക്കങ്ങൾ.

അതേസമയം ഫെബ്രുവരി 19ന് ലോസ്ക് ലില്ലിക്കെതിരെയാണ് ലീഗിൽ ക്ലബ്ബിന്റെ അടുത്ത മത്സരം.
മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ മാത്രമേ ലീഗിലെ ഒന്നാം സ്ഥാനം പി.എസ്.ജിക്ക് നിലനിർത്താൻ സാധിക്കൂ.

 

Content Highlights: Neymar and PSG executive Luis Campos having heated argument after loss to Monaco – Reports