ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ബ്രസീല്‍ ഇതിഹാസം നെയ്മര്‍ ജൂനിയര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ചത്. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെ നെയ്മര്‍ പാരീസിയന്‍സുമായി പിരിയുകയായിരുന്നു. താരം ക്ലബ്ബ് വിടുന്നതിന് പിന്നില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പി.എസ്.ജിയില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നെയ്മര്‍ യാതൊന്നും പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ താരത്തിനും ക്ലബ്ബിനും തങ്ങളുടേതായ കാരണങ്ങള്‍ ഉണ്ടെങ്കിലും നെയ്മര്‍ കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് ലൈക് ചെയ്തത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. നെയ്മറെ പുറത്താക്കിയതിന് പിന്നില്‍ എംബാപ്പെയുണ്ടെന്ന തരത്തില്‍ പ്രചരിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനാണ് നെയ്മര്‍ ലൈക് ചെയ്തത്.
പി.എസ്.ജിയില്‍ എംബാപ്പെക്ക് ഒറ്റയാനാകണമെന്ന ഉദ്ദേശമുണ്ടായിരുന്നെന്നും അതിന് നെയ്മറും മെസിയും ക്ലബ്ബില്‍ നിന്ന് പുറത്തുപോവുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതിന് ശേഷം ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ് കൗശലക്കാരനായ എംബാപ്പെയുടെ മുഖം പുറത്തുകാട്ടിയതാണെന്നും ആളുകള്‍ ഒന്നുമറിയാതെ എംബാപ്പെയെ ന്യായീകരിക്കുകയായിരുന്നെന്നും ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, പി.എസ്.ജിയില്‍ ഇതുവരെ അരങ്ങേറിയതെല്ലാം നേരത്തെ പദ്ധതിയിട്ട് നടത്തിയ നാടകമാണെന്നാണ് പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തത്. നെയ്മറെ പുറത്താക്കി ആ പൊസിഷനിലേക്ക് ഫ്രാന്‍സിലെ തന്റെ സഹതാരമായ ഡെംബലെയെ എത്തിക്കാനുള്ള എംബാപ്പെയുടെ തന്ത്രമായിരുന്നു ഇതിന് പിന്നിലെന്നാണ് ഗ്ലോബോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാഴ്സലോണയില്‍ നിന്ന് ഇതിനകം ഡെംബലെയെ പി.എസ്.ജിയിലെത്തിച്ചുവെന്നും നെയ്മറും അല്‍ ഹിലാലും തമ്മിലുള്ള ഡീലിങ്സില്‍ തീരുമാനമായതോടെ ജപ്പാനില്‍ വെച്ചുനടന്ന പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന എംബാപ്പെയെ സ്‌ക്വാഡില്‍ തിരിച്ചെടുത്തതായി പി.എസ്.ജി അറിയിക്കുകയായിരുന്നെന്നും ഗ്ലോബോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പദ്ധതിയിട്ടത് പ്രകാരമാണ് പി.എസ്.ജിയും എംബാപ്പെയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയതെന്നും ഫ്രണ്ട്ലി മാച്ചില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത് പി.എസ്.ജിയുടെ നാടകമായിരുന്നില്ലേയെന്നും ഗ്ലോബോ ചോദിക്കുന്നു.
എന്നാല്‍ യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കൂടുമാറ്റം നടത്താതെ നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി പി.എസ്.ജിയില്‍ എംബാപ്പെക്കൊപ്പം കളിക്കാന്‍ നെയ്മറും മെസിയുമില്ല.
Content Highlights: Neymar against Mbappe