| Saturday, 21st July 2018, 10:29 pm

എതിരാളികളോട് 'എക്‌സ്‌ക്യൂസ് മീ മൈ ഡിയര്‍, എനിക്കൊരു ഗോളടിക്കണം' എന്ന് പറയാന്‍ എനിക്ക് കഴിയില്ല: നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കിടെ പരിക്ക് അഭിനയിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നെയ്മര്‍. കളിയാക്കലുകള്‍ അംഗീകരിക്കുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം തന്റെ തന്നെ ട്രോള്‍ വീഡിയോ നെയ്മര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“ടാക്കിള്‍ ചെയ്യുമ്പോള്‍ ഞാന്‍ എപ്പോഴും സഹിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? അതിന് കഴിയില്ല, കാരണം അത് വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. കളി കഴിഞ്ഞ് അഞ്ചും ആറും മണിക്കൂര്‍ ഐസ് വെക്കേണ്ടി വരുന്നുണ്ട്. നിങ്ങളത് അനുഭവിച്ചിട്ടില്ലെങ്കില്‍ മനസിലാക്കാന്‍ കഴിയില്ല.

എന്നെ കുറിച്ചുള്ള തമാശകള്‍ കാണാറുണ്ട്. തമാശയായി തന്നെയാണ് ഞാനതിനെ എടുക്കുന്നത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഞാന്‍ കുട്ടികളുമായുള്ള ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഡ്രിബ്ലിങ് ആണ് എന്റെ ഫുട്‌ബോള്‍. എതിരാളികള്‍ക്ക് മുന്നില്‍ “എക്‌സ്‌ക്യൂസ് മീ മൈ ഡിയര്‍, എനിക്കൊരു ഗോളടിക്കണം” എന്ന് പറയാന്‍ എനിക്ക് കഴിയില്ല. അവരെ മറികടക്കണമെങ്കില്‍ എനിക്ക് ഡ്രിബിള്‍ ചെയ്യണം, പക്ഷെ എന്നെ വിടാതിരിക്കാനായി എതിരാളികള്‍ ഫൗള്‍ ചെയ്യാന്‍ ശ്രമിക്കും. അതിനാണ് റഫറിയുള്ളത്.” നെയ്മര്‍ പറഞ്ഞു.

അതേ സമയം ക്രിസ്റ്റ്യാനോയ്ക്ക് പകരം റയലിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നെയ്മര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നെയ്മര്‍ വരുന്നെന്ന വാര്‍ത്ത നേരത്തെ റയല്‍ മാഡ്രിഡും നിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more