| Thursday, 15th December 2022, 7:59 pm

മെസിയോ എംബാപ്പെയോ? ആര് കിരീടം നേടുമെന്നതിന് നെയ്മറിന്റെ തകര്‍പ്പന്‍ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ മടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. നിറകണ്ണുകളോടെയാണ് നെയ്മറും സംഘവും കളം വിട്ടത്.

അര്‍ജന്റീനയും ഫ്രാന്‍സുമാണ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍. ലോകകപ്പില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണോ ഫ്രഞ്ച് ഗോളടി യന്ത്രം കിലിയന്‍ എംബാപ്പെയാണോ കിരീടം നേടുക എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയാണ് നെയ്മര്‍ നല്‍കിയത്.

ഇരുവരിലും ആര് കപ്പുയര്‍ത്തുമെന്ന് പറയുക പ്രയാസമാണെന്നും അതിന് മറുപടിയില്ലെന്നുമാണ് താരം പറഞ്ഞത്. ഞാന്‍ എന്നില്‍ തന്നെ വേരൂന്നുകയായിരുന്നെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലെ പ്രധാന താരങ്ങളാണ് മെസിയും നെയ്മറും എംബാപ്പെയും. ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന കാലത്ത് ദൃഢപ്പെട്ടതാണ് നെയ്മറിന് മെസിയുമായുള്ള സൗഹൃദം. രണ്ട് താരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ നെയ്മര്‍ വിസമ്മതിച്ചെങ്കിലും മെസിയുടെ അര്‍ജന്റീന കപ്പുയര്‍ത്താനാകും നെയ്മര്‍ ആഗ്രഹിക്കുക എന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.

ഡിസംബര്‍ 18ന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ആര് വിജയികളാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 23കാരനായ എംബാപ്പെ ഫ്രാന്‍സിന്റെ ഏറ്റവും വേഗത കൂടിയ താരമായി കളത്തില്‍ പേരെടുക്കുമ്പോള്‍ 35കാരനായ അര്‍ജന്റൈന്‍ നായകന്‍ എക്കാലത്തെയും പോലെ മികച്ച ഫോമിലാണ് ഖത്തറില്‍ തുടരുന്നത്.

Content Highlights: Neymar about world cup favourite

We use cookies to give you the best possible experience. Learn more